ഖത്തര്‍ പ്രതിസന്ധിക്ക് പരിഹാരം തേടി യുഎസ് സ്റ്റേറ്റ് സെക്രട്ടറി കുവൈത്തില്‍

ഒരു മാസത്തിലേറേയായി തുടരുന്ന ഖത്തര്‍ പ്രതിസന്ധിക്ക് പരിഹാരം തേടി യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സണ്‍ കുവൈത്തില്‍. ഗള്‍ഫ് രാജ്യങ്ങളും ഖത്തറുമായുള്ള പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും മധ്യസ്ഥം വഹിക്കുന്നതും കുവൈത്തി എമീറാണ്.

തിങ്കളാഴ്ച്ച വൈകിട്ട് ടില്ലേര്‍സണ്‍ കുവൈത്ത് എമീര്‍ ഷെയ്ക്ക് സബാ അല്‍ അഹമ്മദ് അല്‍ സബയുമായി കൂടിക്കാഴ്ച്ച നടത്തി. ഗള്‍ഫ് പ്രതിസന്ധിയ്ക്ക് പരിഹാരം തേടി കുവൈത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും ടില്ലേര്‍സണ്‍ ചര്‍ച്ച നടത്തി.

ഞങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത് ഞങ്ങളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമല്ല, മറിച്ച് ലോകം മുഴുവനും ബാധിക്കുന്ന ഒരു പ്രശ്‌നമാണെന്ന് കുവൈത്തി എമീര്‍ ടില്ലേര്‍സണിനോട് പറഞ്ഞു. ഒറ്റ രാത്രി കൊണ്ട് പ്രശ്‌ന പരിഹാരം സാധ്യമല്ലെന്ന ബോധ്യമുണ്ടന്ന മുന്‍നിലപാട് ടില്ലേര്‍സണ്‍ കുവൈത്തി ഭരണാധികാരിയോടും പങ്കുവെച്ചു. പ്രശ്‌നപരിഹാരത്തിന് ഒരുപക്ഷേ മാസങ്ങള്‍ എടുത്തേക്കാം. പക്ഷെ, പരിഹരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ടില്ലേര്‍സണ്‍ എമീറുമായി പങ്കുവെച്ചു.

ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായി നയതന്ത്ര ബന്ധം ഉല്‍പ്പെടെയുള്ള എല്ലാം അവസാനിപ്പിച്ചത്. ഒന്നര മാസത്തിലേറെയായിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ മുന്നോട്ടു പോവുകയാണ്. ഗള്‍ഫ് രാജ്യങ്ങളുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും ചെവിക്കൊള്ളാന്‍ ഖത്തര്‍ തയാറാകാത്തതാണ് പ്രശ്‌നപരിഹാരത്തിനുള്ള പ്രധാന തടസ്സം.