ഭാവനയ്ക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടോ? നടിയുടെ പേരില്‍ പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥ

നടി ഭാവനയ്ക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ടില്ലെന്ന വിശദീകരണവുമായി നടിയുടെ അര്‍ദ്ധ സഹോദരന്‍ ജയദേവ് ബാലചന്ദ്ര. ഭാവനയുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഭാവനയ്ക്ക് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഇല്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന പ്രൊഫൈലുകള്‍ വ്യാജമാണെന്നും ജയദേവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

ഗായികയും ഭാവനയുടെ സുഹൃത്തുമായ സയനോരാ ഫിലിപ്പും നടിക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ടില്ലെന്നുള്ള കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഭാവനയുടെ പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷൂട്ട് ചെയ്തതാണെന്നും വ്യാജ വീഡിയോ പ്രചരിപ്പിക്കുന്ന പേജ് ബ്ലോക്ക് ചെയ്യാന്‍ എല്ലാവരും സഹായിക്കണമെന്നും സയനോര ആവശ്യപ്പെട്ടു.

വ്യാജ വീഡിയോ പ്രചരിപ്പിച്ച ഫെയ്‌സ്ബുക്ക് പേജ് ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും നടിയുടെ പേരില്‍ ഇപ്പോഴും പേജുകളുണ്ട്.

ഭാവനയുടെ മൂന്ന് സിനിമകളാണ് ഈ അടുത്ത് റിലീസായത്. ഹണീ ബി 2, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, വിളക്കുമരം എന്നീ സിനിമകള്‍ തിയേറ്ററില്‍ വന്നു പോയി. പൃഥ്വിരാജ് നായകനായി എത്തുന്ന ആദമാണ് ഇനി ഭാവനയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തുന്നത്.

മാര്‍ച്ച് മാസത്തില്‍ വിവാഹ നിശ്ചയം കഴിഞ്ഞ ഭാവനയുടെ വിവാഹം ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കന്നഡ സിനിമയിലെ നിര്‍മ്മാതാവായ നവീനാണ് ഭാവനയെ വിവാഹം ചെയ്യുന്നത്.