ഡോക്യുമെന്ററിയില്‍ പശു ഉള്‍പ്പെടെ നാല് വാക്കുകള്‍ വേണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ്

പശു എന്ന വാക്കിനെ ഡോക്യുമെന്ററിയില്‍നിന്ന് വിലക്കി വീണ്ടും വിവാദത്തിലായി സെന്‍സര്‍ ബോര്‍ഡ്. അമര്‍ത്യാ സെന്നിനെ കുറിച്ച് സുമന്‍ ഘോഷ് തയാറാക്കിയ ദ് ആര്‍ഗുമെന്റേറ്റീവ് ഇന്ത്യ എന്ന ഡോക്യുമെന്ററിയില്‍നിന്നാണ് പശു ഉള്‍പ്പെടെ നാല് വാക്കുകള്‍ നീക്കം ചെയ്യാന്‍ കൊല്‍ക്കത്തയിലെ സെന്‍സര്‍ ബോര്‍ഡ് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍, ഇക്കാര്യം കത്തായി സെന്‍സര്‍ ബോര്‍ഡ് സംവിധായകന് കൈമാറിയിട്ടില്ല. ബിജെപിയ്ക്കും ആര്‍എസ്എസിനും അലോസരമുണ്ടാക്കുമെന്ന് കരുതുന്ന പശു, ഗുജറാത്ത്, ഹിന്ദുത്വ വ്യൂ ഓഫ് ഇന്ത്യ, ഹിന്ദു ഇന്ത്യ എന്നീ വാക്കുകള്‍ വിലക്കണമെന്ന് സിബിഎഫ്‌സി ആവശ്യപ്പെട്ടിരിക്കുന്നത്.

അമര്‍ത്യാ സെന്നും സാമ്പത്തിക വിദഗ്ധന്‍ കൗഷിക് ബസുവും തമ്മില്‍ നടത്തുന്ന സംഭാഷണത്തിലാണ് സെന്‍സര്‍ ബോര്‍ഡ് നീക്കാന്‍ ആവശ്യപ്പെട്ട വാക്കുകളുള്ളത്. ഈ സംഭാഷണം ഒഴിവാക്കിയാല്‍ ഡോക്യുമെന്ററിയുടെ ജീവന്‍ നഷ്ടപ്പെടുമെന്നും അതിനാല്‍ വിട്ടുവീഴ്ച്ചയ്ക്ക് താന്‍ തയാറല്ലെന്നുമുള്ള നിലപാടാണ് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. 15 വര്‍ഷത്തോളത്തെ തന്റെ കഷ്ടപ്പാടാണ് ഈ ഡോക്യുമെന്ററിയെന്നും ഇതിന്റെ അന്തസത്ത നശിപ്പിക്കുന്ന ഒന്നിനും കൂട്ട് നില്‍ക്കില്ലെന്നും സുമന്‍ഘോഷ് പറഞ്ഞു.

അമര്‍ത്യാ സെന്നും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയും പ്രമുഖ ഇക്കണോമിസ്റ്റുമായ കൗഷിക് ബസുവുമായി സംസാരിക്കുന്ന തരത്തിലാണ് ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്.