കേരളത്തിലെ മാധ്യമങ്ങള്‍ മര്യാദ പാലിക്കണം: വനിതാ മാധ്യമ പ്രവര്‍ത്തകര്‍

ലൈംഗിക അതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പാലിക്കേണ്ട മര്യാദകള്‍ ബോധ്യപ്പെടുത്തി സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കണമെന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ നേറ്റ്‌വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. അപഹാസ്യമായ വാര്‍ത്ത പ്രക്ഷേപണം ചെയ്ത മംഗളം ടെലിവിഷനെതിരെ നടപടി എടുത്ത സര്‍ക്കാരിനെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അഭിനന്ദിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരാതിക്കാരുടെ സ്വകാര്യത ഹനിക്കുന്ന വിധം മാധ്യമങ്ങള്‍ മര്യാദ ലംഘിക്കുന്നുവെന്നും ഇത് തടയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നെറ്റുവര്‍ക്ക് ഓഫ് വുമണ്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന്റെ പൂര്‍ണരൂപം.

ലൈംഗിക കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ സമഗ്രമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നഭ്യര്‍ത്ഥിച്ച് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം.
.
സര്‍

മംഗളം ടെലിവിഷന്‍ ചാനല്‍ ജൂലായ് നാലിന് സംപ്രേഷണം ചെയ്ത തികച്ചും അപഹാസ്യമായ വാര്‍ത്ത ഉടനടി നിര്‍ത്തുന്നതിന് താങ്കള്‍ കൈക്കൊണ്ട നടപടിയെ ഞങ്ങള്‍ ആദ്യമേ സ്വാഗതം ചെയ്യുന്നു.

കൊച്ചിയില്‍ സിനിമാ നടിക്കെതിരെ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട തീര്‍ത്തും അനാവശ്യമായ വിവരണങ്ങളടങ്ങിയ ഒരു വാര്‍ത്ത സംപ്രേഷണം ചെയ്ത് പിന്നീട് അത് ചര്‍ച്ചയാക്കിമാറ്റിയത് പരാതിക്കാരിയുടെ സ്വകാര്യതക്കു മേലുള്ള അതി ക്രൂരമായ കടന്നുകയറ്റമാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അടിസ്ഥാന അവകാശത്തിന്റെ നഗ്‌നമായ ലംഘനമായിരുന്നു അത്.

ഇതിനകം തന്നെ ശാരീരികവും മാനസികവുമായ പീഡനം അനുഭവിച്ച ഇരയെ വീണ്ടും ക്രൂശിക്കുന്നതിന് തുല്യമാണ് ഇത്തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ലൈംഗിക അതിക്രമ കേസുകളുടെ റിപ്പോര്‍ട്ടിങ്ങില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന ജാഗ്രതക്കുറവിലേക്ക് എന്‍ ഡബ്ലിയൂ എം ഐ അംഗങ്ങള്‍ എന്ന നിലയില്‍ ഞങ്ങള്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. നിലവിലുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും കാറ്റില്‍ പറത്തിയാണ് ലൈംഗിക അതിക്രമ കേസുകളിലെ റിപ്പോര്‍ട്ടിങ്ങ് കേരളത്തിലെ പല മാധ്യമങ്ങളും നടത്തുന്നത്. പത്ര, ദൃശ്യ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ മിക്ക സന്ദര്‍ഭങ്ങളിലും ഈ തെറ്റ് ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നാണ് ഞങ്ങളുടെ പ്രധാന ആവശ്യം. എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമാകുന്ന തരത്തിലായിരിക്കണം ഈ മാര്‍ഗനിര്‍ദേശങ്ങള്‍. താഴെ പറയുന്ന നിബന്ധനകളാണ് ഇന്ന് ഇതുമായി ബന്ധപ്പെട്ട് നിലവിലുളളത്. ഇതിന്റെ ചുവടു പിടിച്ച് ഇന്നത്തെ സാഹചര്യത്തിന് അനുയോജ്യമായ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്നാണ് വനിതാ മാധ്യമപ്രവര്‍ത്തകരായ ഞങ്ങളുടെ അപേക്ഷ.

(1) ഐപിസി ഇരുനൂറ്റി ഇരുപത്തിയെട്ട് എ പ്രകാരം ബലാല്‍സംഗത്തിന് ഇരയായ വ്യക്തിയുടെ പേര് പുറത്ത് വിടുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. സെക്ഷന്‍ മുന്നൂറ്റി എഴുപത്തിയാറ്, മുന്നൂറ്റി എഴുപത്തിയാറ് (എ), മുന്നൂറ്റി എഴുപത്തിയാറ് (ബി), മുന്നൂറ്റി എഴുപത്തിയാറ് (സി), മുന്നൂറ്റി എഴുപത്തിയാറ് (ഡി) എന്നിവയില്‍ പരാമര്‍ശിക്കുന്ന കുറ്റകൃത്യങ്ങള്‍ നടന്നാല്‍ ഇരയായ വ്യക്തിയുടെ പേരോ അവരെക്കുറിച്ചുള്ള സൂചനകളോ വെളിപ്പെടുത്തുന്നവരെ രണ്ടു വര്‍ഷം വരെ തടവിനും പിഴക്കും വിധിക്കാമെന്നാണ് ഇന്ത്യന്‍ ശിക്ഷാ നിയമം അനുശാസിക്കുന്നത്.

(2) ലൈംഗിക അതിക്രമം റിപ്പോര്‍ട്ട് ചെയ്യുന്‌പോള്‍ ഇരയുടെ സ്വഭാവത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദ്യങ്ങളുന്നയിക്കുന്നത് ഒഴിവാക്കണമെന്ന കൃത്യമായ നിര്‍ദേശം മാധ്യമപ്രവര്‍ത്തകരുടെ പെരുമാറ്റച്ചട്ടത്തെക്കുറിച്ച് പ്രസ് കൗണ്‍സില്‍ 2010-ല്‍ തയാറാക്കിയ രേഖയിലുണ്ട്. ഈ നിര്‍ദേശങ്ങളിലെ സെക്ഷന്‍ ആറ് അനുസരിച്ച് ബലാല്‍സംഗം , തട്ടിക്കൊണ്ടു പോകല്‍, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം എന്നീ കുറ്റകൃത്യങ്ങളിലും ഇരയുടെ സ്വഭാവത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്ന റിപ്പോര്‍ട്ടുകളിലും ഇരയുടെ ഫോട്ടോ പ്രസിദ്ധീകരിക്കരുത്. മാത്രമല്ല ഇരയെ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഒരു സൂചന പോലും നല്‍കരുതെന്നും ഈ നി4ദേശത്തില്‍ എടുത്തു പറയുന്നുണ്ട്.

(3) കുറ്റകൃത്യങ്ങള്‍- പ്രത്യേകിച്ച്, ലൈംഗിക അതിക്രമവും , കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമവും റിപ്പോര്‍ട്ട് ചെയ്യുന്‌പോള്‍ ഇരയെ ശിക്ഷിക്കുന്ന രീതിയിലെ റിപ്പോര്‍ട്ടിങ്ങ് മാധ്യമങ്ങള്‍ നടത്തരുതെന്നും ഇരയുടെ ജീവിതം തകര്‍ക്കുന്ന നടപടിയാകും അതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കുളള പെരുമാറ്റ ചട്ടത്തില്‍ എഡിറ്റേഴ്‌സ് ഗില്‍ഡും വ്യക്തമാക്കുന്നു.
(4) ലൈംഗിക പീഡനത്തിലും കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമത്തിലും ഇരയുടെ സ്വകാര്യത സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ അത്യന്തം ജാഗ്രത പാലിക്കണമെന്ന് 2008-ല്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ് കാസ്റ്റിങ്ങ് മന്ത്രാലയവും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

(5) സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് ജെ എസ് വര്‍മ്മ അദ്ധ്യക്ഷനായ ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ( എന്‍ ബി എസ് എ) ആണ് ലൈംഗിക അതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്‌പോള്‍ ദൃശ്യമാധ്യമങ്ങള്‍ പാലിക്കേണ്ട ജാഗ്രതയെ കുറിച്ച് വിശദമായ മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇരയെ മാനസികമായി വീണ്ടും പീഡിപ്പിക്കുന്ന തരത്തിലെ ഒരു ദൃശ്യവും കാണിക്കരുതെന്നും ഇരയുടെ പേരു വിവരങ്ങള്‍ ഒരു സാഹചര്യത്തിലും വെളിപ്പെടുത്തരുതെന്നും എന്‍ ബി എസ് എ നിഷ്‌കര്‍ഷിക്കുന്നു. ഇരയുടേയും കുടുംബത്തിന്റേയും സ്വകാര്യതയെ ബാധിക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടിങ്ങ് വേണ്ട. ലൈംഗിക അതിക്രമത്തിലെ ഇരയോയും സാക്ഷിയേയും ഒരു വാര്‍ത്താധിഷ്ഠിത പരിപാടിയിലും കാണിക്കരുതെന്നും , അഥവാ അങ്ങനെ ചെയ്യേണ്ടി വന്നാല്‍ തന്നെ വ്യക്തിയുടെ മുഖം തിരിച്ചറിയാത്ത വിധം മാത്രമേ കാണിക്കാവൂ എന്നും നിര്‍ദേശമുണ്ട്. ബലാല്‍സംഗത്തിലെ ഇര, പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടി, എന്നിവരുടെ സ്വകാര്യത പരിഗണിക്കണമെന്നും അവരുടെ ഫോട്ടോയോ ദൃശ്യങ്ങളോ അവരാരെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന രീതിയില്‍ കുടുംബാംഗങ്ങളുടെ ചിത്രമോ വിവരങ്ങളോ ചാനലുകള്‍ പുറത്തുവിടരുതെന്നും എന്‍ ബി എസ് എ നിര്‍ദേശിക്കുന്നു. ലൈംഗിക കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ടിങ്ങ് വിവേകപൂര്‍വം കൈകാര്യം ചെയ്യണമെന്നും എടുത്തു പറയുന്നുണ്ട്. പീഡനത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വിടുന്നത് ഇരയെ വീണ്ടും പീഡിപ്പിക്കുന്നതിന് തുല്യമാണെന്നും എന്‍ ബി എസ് എ എടുത്തു പറയുന്നു.

ഇത്തരത്തില്‍ ലൈംഗികാതിക്രമ കേസുകളുടെ റിപ്പോര്‍ട്ടിംഗില്‍ പാലിക്കേണ്ട മര്യാദകള്‍ മാധ്യമങ്ങളെ ബോധ്യപ്പെടുത്തും വിധം ഈ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് പ്രസിദ്ധപ്പെടുത്താന്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നാണ് ഞങ്ങള്‍ അപേക്ഷിക്കുന്നത്.