യാസ് ഐലാൻഡ് കൂടുതൽ സ്മാർട്ടാവുന്നു

അബൂദാബി:അബുദാബിയുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ യാസ് ഐലാന്റ് കൂടുതൽ സ്മാർട്ട് ആകുന്നു.സ്മാർട്ട് കാർ ടെസ്ലയ്ക്കായ്‌ 16-ഓളം ചാർജിങ് സംവിധാനങ്ങളാണ് യാസ് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ ബി.എം.ഡബ്ല്യൂ, മെഴ്സിഡസ് എന്നിവയുടെ സ്മാർട്ട് കാറുകൾ ചാർജ് ചെയ്യുന്നതടക്കം 22-ഓളം ചാർജിങ് കേന്ദ്രങ്ങളാണ് ഇവിടെ ഉള്ളത്. യാസ് മാളിലും, തീം പാർക്കുകളിലുമാണ് ഇവയുടെ സജ്ജീകരണം.

അടുത്ത തലമുറയുടെ വാഹനം എന്ന് വിശേഷിപ്പിക്കുന്ന ടെസ്ല കാർ മോഡലുകൾക്കായി കാത്തിരിക്കുകയാണ് വാഹനപ്രേമികൾ. ഇത്തരം സ്മാർട്ട് കാറുകൾ യു.എ.എയുടെ വികസന പദ്ധതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിരിക്കുകയാണ്. കാർബൺ മാലിന്യം പുറംതള്ളാത്ത സുസ്ഥിര ഊർജത്തിൽ പ്രവർത്തിക്കുന്ന വാഹന സംവിധാനങ്ങളാണ് 2021 പദ്ധതിയോടെ യു.എ.ഇ ലക്ഷ്യമിടുന്നത്.

30 മിനിറ്റിൽ വാഹനത്തിന്റെ ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാനാകും.വർഷം മുഴുവൻ പ്രവർത്തിക്കുന്ന സ്മാർട്ട് കാർ ചാർജിങ് സംവിധാനങ്ങളും സേവനങ്ങളും യാസിൽ ലഭ്യമാക്കിയിരിക്കുന്നുവെന്ന് യാസ് ഐലാന്റ് ഡെസ്റ്റിനേഷൻ മാനേജ്‌മന്റ് ഡയറക്ടർ ജനറൽ ജെറാഡോ ല്ലെൻസ് പറഞ്ഞു.