സൗദിയിൽ വിദേശ റിക്രൂട്ടിങിൽ 29 ശതമാനം കുറവ്

റിയാദ്:സ്വദേശി വൽക്കരണം ഊർജിതമാക്കിയതിന്റെ ഫലമായി വിദേശ റിക്രൂട്ടിങ്ങിൽ 29 ശതമാത്തിന്റെ കുറവ് അനുഭവപ്പെട്ടതായി സൗദി തൊഴിൽ മന്ത്രാലയംഅഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അനുപാതമാണിതെന്നും മന്ത്രാലയ വൃത്തങ്ങൾ വിശദീകരിച്ചു.

2015 ൽ 19,70,000 വിസ അനുവദിച്ചപ്പോൾ 2016 ൽ 14 ലക്ഷം വിസ മാത്രമാണ് അനുവദിച്ചത്. കഴിഞ്ഞ വർഷം വീട്ടുവേലക്കാരുടെയും സർക്കാർ സർവ്വീസിലുമുള്ള റിക്രൂട്ടിങിൽ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. വീട്ടുവേലക്കാരുടെ റിക്രൂട്ടിങ് 14 ശതമാനം വർധിച്ചപ്പോൾ സർക്കാർ സ്ഥാപന റിക്രൂട്ടിങ് 81 ശതമാനമാണ് വർധിച്ചത്. നിതാഖാത് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച താഖത്ത് സംവിധാനത്തിൽ തൊഴിൽ അന്വേഷിക്കുന്ന സ്വദേശികൾ രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. താഖത്തിൽ അപേക്ഷിച്ച ജോലിക്ക് വിദേശത്തേക്ക് വിസ അനുവദിക്കുന്നതിന് പകരം സ്വദേശിയെ നിയമിക്കാൻ മന്ത്രാലയം നിർദ്ദേശിക്കുകയാണ്.