ആര്‍ത്തവത്തിന്റെ ആദ്യ നാളില്‍ അവധി നല്‍കി മാതൃഭൂമി

കേരളത്തിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളില്‍ ഒന്നായ മാതൃഭൂമി തങ്ങളുടെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവത്തിന്റെ ആദ്യ നാളില്‍ അവധി എടുക്കാനുള്ള അനുവാദം നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കമ്പനി ആര്‍ത്തവത്തിന്റെ ആദ്യ നാളില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കാനുള്ള തീരുമാനം എടുക്കുന്നത്.

മുംബൈയിലെ കള്‍ച്ചര്‍ മെഷീന്‍ എന്നൊരു കമ്പനി ആര്‍ത്തവ ദിവസം അവധി നല്‍കുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മാതൃഭൂമി മാനേജ്‌മെന്റും സമാനമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇത് സിക്ക് ലീവായോ ക്യാഷ്വല്‍ ലീവായോ കണക്കാക്കില്ല. ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടല്ല അത് അങ്ങനെയാവണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചത് പ്രകാരമാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്ന് മാതൃഭൂമി ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു.

നിലവില്‍ മാതൃഭൂമിയുടെ ന്യൂസ് ചാനലിലെ ജീവനക്കാര്‍ക്കാണ് ഈ തീരുമാനത്തിന്റെ ഗുണം ലഭിക്കുക. വരും ദിവസങ്ങളില്‍ പത്രത്തിലും മാതൃഭൂമി ഓണ്‍ലൈനിലും ഈ തീരുമാനങ്ങള്‍ നടപ്പിലാക്കും.