കുമ്മനം രാജിക്കൊരുങ്ങി, ആര്‍എസ്എസ് ഇടപെട്ട് തണുപ്പിച്ചു

മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ശക്തിപ്പെടുകയും എല്ലാ കോണില്‍നിന്ന് ആക്രമണം ഉണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ രാജിക്കൊരുങ്ങി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇന്നലെയാണ് താന്‍ രാജിവെയ്ക്കാന്‍ പോകുകയാണെന്ന കാര്യം അദ്ദേഹത്തിന്റെ അടുത്ത ആളുകളുമായി ആശയവിനിമയം നടത്തിയത്. എന്നാല്‍, ആര്‍എസ്എസ് നേതൃത്വം ഇടപെട്ട് ചര്‍ച്ച നടത്തിയതോടെ കുമ്മനം തണുത്തു. തല്‍ക്കാലത്തേക്ക് രാജിയില്‍നിന്ന് പിന്മാറുകയാണെന്ന് കുമ്മനം ആര്‍എസ്എസ് നേതൃത്വത്തെ അറിയിച്ചു.

മെഡിക്കല്‍ കോളജ് അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ അന്വേഷണ കമ്മീഷന്‍ രഹസ്യമായി തയാറാക്കിയ റിപ്പോര്‍ട്ട് എങ്ങനെ ചോര്‍ന്നുവെന്ന ചോദ്യവും കുമ്മനത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്. അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ നാസറും ശ്രീശനും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ട് പ്രിന്റ് എടുത്ത് സീല്‍ ചെയ്താണ് സംസ്ഥാന അധ്യക്ഷന് അയച്ചു കൊടുത്തത്. ഇത് പിന്നെ എങ്ങനെ ചോര്‍ന്നുവെന്ന ചോദ്യത്തിനും കുമ്മനം ഇപ്പോള്‍ ഉത്തരം പറയേണ്ട സാഹചര്യമാണ്. അതോടൊപ്പം തന്നെ താരതമ്യേന ചെറിയ നേതാവായ ആര്‍.എസ്. വിനോദിനെ പുറത്താക്കി കൊണ്ട് സംസ്ഥാന നേതാക്കളെ കുമ്മനം സംരക്ഷിച്ചുവെന്ന ആരോപണവും പാര്‍ട്ടി അണികള്‍ക്കിടയില്‍ ശക്തമാണ്. ഇത്തരം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് കുമ്മനത്തെ രാജി വെയ്ക്കുന്നതിനെക്കുറിച്ച് ചിന്തിപ്പിച്ചത്.

ബിജെപി അംഗത്വം പോലുമില്ലാതിരുന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ നേതാവായിരുന്നു കുമ്മനം. ആര്‍എസ്എസ് പ്രത്യേക താല്പര്യം എടുത്താണ് കുമ്മനത്തെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വന്നത്. സംസ്ഥാന ബിജെപിയില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പിസം അവസാനിപ്പിക്കുകയായിരുന്നു കുമ്മനത്തിന്റെ നിയമന ഉദ്ദേശ്യം. എന്നാല്‍, ഗ്രൂപ്പു വഴക്കുകള്‍ കൂടുകയും നേതൃത്വം നിസ്സംഗരായി നോക്കി നില്‍ക്കുകയും ചെയ്യുകയാണ്. ഇക്കാര്യത്തില്‍ ആര്‍എസ്എസിനും ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും വലിയ നിരാശയാണുള്ളത്.