ഇന്ന് ജയിച്ചാൽ മിഥാലി ചരിത്ര പുസ്തകങ്ങളിൽ

ഇന്നത്തെ മത്സരത്തിലറിയാം ലോകകപ്പ് ട്രോഫിയില്‍ മുത്തമിടുന്നത് ആരെന്ന്. വനിതാ ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ ഇന്ന് നേരിടുന്നത് കരുത്തരായ ഇംഗ്ലീഷ് ടീമിനെയാണ്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നു മണി മുതല്‍ ലോര്‍ഡ്‌സിലാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ്ഘട്ടത്തിലെ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്.

നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ഹരംപ്രീത് കൗറിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു ഇന്ത്യയെ വിജയത്തേരിലെത്തിച്ചത്. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട ഫൈനലില്‍ എത്തിയത്.

മുന്‍പ് ഒരു തവണ ഫൈനലില്‍ എത്തിയിട്ടുണ്ടെങ്കിലും ഇന്ത്യക്ക് ഇതുവരെ ലോകകപ്പ് വിജയിക്കാനായിട്ടില്ല. 2005ലെ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ് മടങ്ങിയ ടീമിന് പിന്നീട് ഒരു അവസരം കിട്ടുന്നത് ഇപ്പോഴാണ്. അന്നും ടീം ഇന്ത്യയുടെ നായിക മിഥാലിയായിരുന്നു, ഇന്നും നായിക മിഥാലിയാണ്. ഇന്ന് ജയിക്കാനായാൽ അത് മിഥാലിക്ക് ഇടം നൽകുന്നത് ഇന്ത്യൻ ക്രിക്കറ്റിൻറെ ചരിത്ര പുസ്തകങ്ങളിലായിരിക്കും.

ആദ്യ മത്സരങ്ങളില്‍ തിളങ്ങുകയും പിന്നീട് തിളക്കം മങ്ങുകയും ചെയ്ത സ്മൃതി മന്ദാനയ്ക്ക് ഇന്ന് തിളങ്ങാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് മികച്ച തുടക്കം ലഭിക്കും. എന്നാല്‍, കഴിഞ്ഞ ആറു മത്സരങ്ങളിലും സ്മൃതി അമ്പേ പരാജയപ്പെട്ടിരുന്നു. മിഥാലി രാജിന്റെ എക്‌സ്പീരിയന്‍സ്, യുവതാരങ്ങളുടെ ഫോം എന്നിവ ഇന്ത്യക്ക് അനുകൂലമായ സാഹചര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.