ഐഎസ്എല്‍ താരലേലം: കേരളാ ബ്ലാസ്‌റ്റേഴ്‌സ് റിനോയെ സ്വന്തമാക്കിയത് വന്‍ തുകയ്ക്ക്

ഐ.എസ്.എല്‍. താരലേലത്തില്‍ മികച്ച കളിക്കാരെ സ്വന്തമാക്കി മലയാളത്തിന്റെ സ്വന്തം കേരളാ ബ്ലാസ്‌റ്റേഴ്‌സ്. 15 അംഗ ടീമില്‍ സി.കെ. വിനീതിനെയും, സന്ദേശ് ജിംഗനെയും, പ്രശാന്തിനെയും ബ്ലാസ്റ്റേഴ്‌സ് നേരത്തെ നിലനിര്‍ത്തിയിരുന്നു.

ലേലത്തിലൂടെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയവരില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് വാങ്ങിയത് മലയാളി താരം റിനോ ആന്റോയെയാണ്. 63 ലക്ഷം രൂപയ്ക്കാണ് റിനോയെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് നിലനിര്‍ത്തിയത്. അതേസമയം, അനസ് ഇടത്തൊടികയെ ബ്ലാസ്‌റ്റേഴ്‌സ് വിട്ടുകളയുകയും ചെയ്തു. 1.10 കോടി രൂപയ്ക്ക് ജംഷഡ്പൂര്‍ എഫ്‌സിയാണ്.

കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം അംഗങ്ങള്‍ ഇവരൊക്കെയാണ്.

ലാല്‍ റുത്താരാ (25 ലക്ഷം), മിലന്‍ സിങ് (45 ലക്ഷം), ആരതാ ഇസൂമി (40 ലക്ഷം), സുഭാഷിഷ് റോയ് ചൗധരി (37 ലക്ഷം), ചാക്കിഛന്ദ് സിംഗ് (55 ലക്ഷം), സിയാം ഹങ്കല്‍ (31 ലക്ഷം), ലാല്‍ത്താകിമാ (10 ലക്ഷം), പ്രീതം കുമാര്‍ സിങ്, സാമുവല്‍ ഷദാപ് (10 ലക്ഷം), ലോകന്‍ മീത്തന്‍ (6 ലക്ഷം), കരണ്‍ സോഹ്നെ (8 ലക്ഷം), അജിത്ത് ശിവന്‍ (6 ലക്ഷം).

ഐഎസ്എല്‍ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള താരങ്ങളായത് അനസ് ഇടത്തൊടികയും യൂഗ്നീസണ്‍ ലിങ്‌ഡോയുമാണ്. 1.1 കോടി രൂപയ്ക്കാണ് ഇരുവരും വിറ്റു പോയത്. അനസിനെ ജംഷഡ്പൂര്‍ എഫ്‌സി സ്വന്തമാക്കിയപ്പോള്‍ യൂഗ്നീസണെ സ്വന്തമാക്കിയത് കൊല്‍ക്കത്തയാണ്.

പിന്നീട് ഏറ്റവും ഉയര്‍ന്ന തുക നേടിയത് ഗോള്‍ കീപ്പര്‍ സുബ്രതാ പോള്‍, റൈറ്റ് ബാക്ക് പ്രീതം കോട്ടല്‍ എന്നിവര്‍ക്കാണ്. 87 ലക്ഷത്തിനാണ് സുബ്രതോ പോളിനെ ജംഷഡ്പൂര്‍ സ്വന്തമാക്കിയത്. പ്രീതത്തിന് ഡല്‍ഹി ഡൈനാമോസ് 75 ലക്ഷം രൂപയും നല്‍കി.

ഐഎസ്എല്‍ ഡൊമസ്റ്റിക്ക് പ്ലെയേഴ്‌സില്‍ ഏറ്റവും താരമൂല്യമുള്ള രണ്ടു മൂന്നു പേരില്‍ രണ്ട് പേരും ജംഷഡ്പൂര്‍ എഫ്‌സിക്കൊപ്പമാണ്.