ഇയാം ഹ്യൂം കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങി വരുന്നു, സ്ഥിരീകരണവുമായി അന്താരാഷ്ട്ര മാധ്യമം

കേരളാ ബ്ലാസ്റ്റേഴ്‌സിലെ മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്ന ഇയാം ഹ്യൂം ടീമിലേക്ക് മടങ്ങി വരുന്നു. ഐഎസ്എല്‍ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലില്‍ എത്തിക്കാന്‍ സഹായിച്ചത് ഹ്യൂമിന്റെ മിന്നുന്ന പ്രകടനമായിരുന്നു. മലയാളികള്‍ സ്‌നേഹത്തോടെ ഹ്യൂമേട്ടാ എന്ന് വിളിക്കുന്ന ക്യാനഡക്കാരന്‍ ഇയാന്‍ ഹ്യൂം തിരികെ വരുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ടീം കൂടുതല്‍ ശക്തമാകും.

കഴിഞ്ഞ രണ്ട് ഐഎസ്എല്‍ സീസണുകളിലും ഇയാന്‍ ഹ്യൂം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് ഒപ്പമായിരുന്നു. കഴിഞ്ഞ സീസണില്‍ കപ്പടിച്ചതും കൊല്‍ക്കത്തയായിരുന്നു. ഐഎസ്എല്ലില്‍ ഏറ്റവും അധികം ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് ഇയാന്‍ ഹ്യൂം. 23 ഗോളുകളാണ് ഹ്യൂം തന്റെ അക്കൗണ്ടില്‍ ചേര്‍ത്തിരിക്കുന്നത്.

ഹ്യൂമിന്റെ കേരളാ ബ്ലാസ്റ്റേഴ്‌സിലേക്കുള്ള മടങ്ങി വരവിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അന്താരാഷ്ട്ര മാധ്യമമായ സ്‌കൈ സ്‌പോര്‍ട്ട്‌സാണ്. തങ്ങളുടെ സ്രോതസ്സുകള്‍ ഹ്യൂമിന്റെ ബ്ലാസ്‌റ്റേഴ്‌സിലേക്കുള്ള മടങ്ങി വരവ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.