രാം നാഥ് കോവിന്ദ് ഇന്ത്യയുടെ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

രാംനാഥ് കോവിന്ദ് ഇന്ത്യയുടെ 14ാം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഖാര്‍ കോവിന്ദിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രണാബ് മുഖര്‍ജി അധികാരം ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ.

മുന്‍ ബീഹാര്‍ ഗവര്‍ണരായിരുന്ന രാം നാഥ് കോവിന്ദ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ നോമിനിയായിട്ടാണ് റെയ്‌സീന ഹില്‍സില്‍ എത്തുന്നത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാ കുമാറിനെക്കാള്‍ ഏഴു ലക്ഷം വോട്ടുകള്‍ അധികം നേടിയാണ് രാം നാഥ് കോവിന്ദ് രാഷ്ട്രപതിയാകുന്നത്.

കെ.ആര്‍. നാരായണന് ശേഷം ദളിത് വിഭാഗത്തില്‍നിന്ന് രാഷ്ട്രപതി സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ ആളാണ് രാം നാഥ് കോവിന്ദ്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ആദ്യ രാഷ്ട്രപതിയുമാണ് അദ്ദേഹം.

രാവിലെ മഹാത്മാ ഗാന്ധി അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലത്തെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.