തലചായ്ക്കാന്‍ ഇടമില്ല, ഒമ്പത് ട്രാന്സ്ജെണ്ടറുകൾ കൊച്ചി മെട്രോ ജോലി ഉപേക്ഷിച്ചു

അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ചയായ മെട്രോയിലെ ട്രാന്‍സ്‌ജെണ്ടര്‍ നിയമനം കൊണ്ട് ആര്‍ക്കും ഗുണമില്ലാതെയൊകുന്നു. കൊച്ചിയില്‍ താമസിക്കാന്‍ ഇടം ലഭിക്കാത്തതിനെ തുടര്‍ന്ന് ഒമ്പത് ട്രാന്‍സ്‌ജെണ്ടറുകൾ മെട്രോയില്‍നിന്ന് ജോലി ഉപേക്ഷിച്ച് പോയി. ശമ്പളം കുറവായത് കൊണ്ട് ലോഡ്ജിലും ഹോട്ടലിലും താമസിക്കാന്‍ സാധിക്കില്ല. കൊച്ചിയിലെ വീടുകളിലും ഹോസ്റ്റലുകളിലും ഇവര്‍ക്ക് താമസ സൗകര്യം ലഭിക്കുകയുമില്ല. ഈ സാഹചര്യത്തിലാണ് തലചായ്ക്കാന്‍ ഇടം കണ്ടെത്താനാകാതെ ട്രാന്‍സ്‌ജെണ്ടര്‍ മനുഷ്യര്‍ ജോലി ഉപേക്ഷിച്ചത്.

ട്രാന്‍സ്‌ജെണ്ടര്‍ വിഭാഗത്തില്‍പ്പെട്ട 23 പേരെയാണ് കൊച്ചി മെട്രോ ആദ്യഘട്ടത്തില്‍ നിയമിച്ചത്. ഇവരില്‍ 14 പേര്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.

അതേസമയം, ട്രാന്‍സ്‌ജെണ്ടര്‍ വിഭാഗങ്ങള്‍ക്ക് താമസസൗകര്യമില്ലെന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുകയും കാക്കനാട്ടുള്ള ജ്യോതിസ് ഭവനില്‍ മാസം 500 രൂപ വാടകയ്ക്ക് താമസം ഒരുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ സൗകര്യം കുറച്ചുപേര്‍ മാത്രമാണ് ഉപയോഗപ്പെടുത്തുന്നതെന്ന് കൊച്ചി മെട്രോ അധികൃതര്‍ വിശദീകരിച്ചു. ഹൗസ് കീപ്പിങ്, ടിക്കറ്റ് കൗണ്ടറുകള്‍ തുടങ്ങിയ തസ്തികകളില്‍ ട്രാന്‍സ്‌ജെണ്ടര്‍ നിയമനം തുടരാനാണ് കൊച്ചി മെട്രോയുടെ തീരുമാനം.