‘ഹാരി മെറ്റ് സേജാൽ ഇൻ ദുബൈ’.

ദുബൈ: അതിരാവിലെ മുതൽ ആരംഭിച്ച ആവേശകടലിലേക്കു അവസാനം കിംങ്‌ ബാദുഷയും അനുഷ്‌ക ശർമ്മയും എത്തിച്ചേർന്നു. ഷാരൂഖിന്റെ പുതിയ സിനിമയായ ‘ജബ് ഹാരി മെറ്റ് സേജാല്‍‘ന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഇരുവരും ദുബായിലെ ദൈറ സിറ്റിസെന്ററിലുള്ള വോക്‌സ് സിനിമയില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ആരാധകര്‍ തീർത്ത ആവേശത്തിന്റെ നടുക്കടലിലേക്ക് വന്നിറങ്ങിയത്. തങ്ങളുടെ ഇഷ്ട്ട ഡോണിനെ ഒരുനോക്കുകാണുവാനും സ്നേഹാരവം നേരിട്ടറിയിക്കാനും യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നും ആയിരകണക്കിന് ആരാധകരാണ് രാവിലെ മുതൽ മാള്‍ തുറക്കുന്നതിന് മുന്പായിത്തന്നെ ഷാരൂഖിനെ കാത്തുനിന്നിരുന്നത്. ആരാധകരെ നിയന്ത്രിക്കുവാൻ മാളിലെ ജീവനക്കാരു സംഘാടകരും നന്നേ പണിപ്പെട്ടിരുന്നു. എന്നാൽ ആവേശത്തിന്റെ പെരുമഴ തീര്‍ത്തുകൊണ്ടുള്ള ആരാധകരുടെ ഇടയിലേക്ക് സെല്‍ഫി എടുക്കുവാനും കുശലാന്വേഷണം നടത്താനും ഷാരൂഖും നായിക അനുഷ്‌കയും മറന്നില്ല. ‘ഐ ലവ് യു ഷാരൂഖ്’ ആർത്തുവിളികളാൽ മുഖരിതമായിരുന്നു മാളിന്റെ അന്തരീക്ഷം. ഇന്ത്യക്കാര്‍ക്ക് പുറമെ പാകിസ്താൻ, ജർമ്മനി, ബെല്‍ജിയം, റഷ്യ തുടങ്ങിയരാജ്യത്തുനിന്നുള്ള ആരാധകരും ഉണ്ടായിരുന്നു ബോളിവുഡിന്റെ ബാദുഷ- കിംങ്‌ ഖാനെ ഒരു നോക്കു കാണുവാൻ. പിന്നീട് ചിത്രത്തിന്റെ എട്ട് മിനുട്ട് നീണ്ട ചെറിയഭാഗം പ്രദര്‍ശിപ്പിച്ചുകൊണ്ട് പത്രസമ്മേളനം ആരംഭിച്ചു.

ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഹാരിയുടെയും നായിക സേജലിന്റെയും മനോഗതങ്ങളെക്കുറിച്ചും, ആംസ്റ്റര്‍ഡാമിന്റെ പ്രണയാന്തരീക്ഷവും പ്രാഗിന്റെയും ബുഡാപെസ്റ്റിന്റെയും, പഞ്ചാബിലെ നൂര്‍ മഹലിന്റെയും ചിത്രാവിഷ്‌കാരത്തിൽ ഏറ്റവും മികച്ചതായി തോന്നിയ അവിസ്മരണീയ മുഹൂർത്തങ്ങളെപ്പറ്റിയുമുള്ള ആരാധകരുടെ ചോദ്യത്തിന് ഷാരൂഖും അനുഷ്‌ക ശര്‍മയും നർമത്തിൽ നിറഞ്ഞ ഉത്തരങ്ങളാണ് നൽകിയത് .
ഷാരൂഖിന്റെ അഭിനയത്തേക്കാൾ അദ്ദേഹം നൽകുന്ന മാനുഷിക പരിഗണനയും സ്നേഹമനസ്സുമാണ് തന്നെ ഏറ്റവും ആകർഷിച്ച ഘടകമെന്ന് അനുഷ്‌ക അഭിപ്രായപ്പെട്ടു. തന്റെ നായികയുടെ അഭിനയമികവിനെ വിവരിച്ച ഷാരൂഖ്, ഇഷ്ടനായികയുടെ സ്വഭാവവിശേഷങ്ങള്‍ കൂട്ടിച്ചേർക്കാനും അവസരം കണ്ടെത്തി.

ഓഗസ്റ്റ് നാലിനാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഇതിനോടകംത്തന്നെ വൻ ഹിറ്റായിക്കഴിഞ്ഞു. ഗൗരി ഖാൻ നിർമ്മിക്കുന്ന സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇമ്ത്തിയാസ് അലി ആണ്. ഒരു ദിവസം മുന്പായിത്തന്നെ സിനിമ ആസ്വദിക്കാനുള്ള ആവേശത്തിലാണ് പ്രവാസികളായ ‘എസ്ആർകെ’ ആരാധകർ.