അക്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി, പോലീസിന് പക്ഷപാതിത്വമെന്ന് കുമ്മനം

മുഖ്യമന്ത്രിയുമായി ആര്‍എസ്എസ്, ബിജെപി നേതാക്കളും സിപിഐഎമ്മും നടത്തിയ സര്‍വകക്ഷി യോഗത്തില്‍ അക്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രത പാലിക്കണമെന്നും യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അടുത്തമാസം ആറിന് തിരുവനന്തപുരത്ത് സര്‍വകക്ഷി യോഗം വിളിക്കാന്‍ യോഗത്തില്‍ ധാരണയായതായും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ഓഫീസുകളോ സംഘടനാ ഓഫീസുകളോ വീടുകളോ ആക്രമിക്കാന്‍ പാടില്ല. തിരുവനന്തപുരത്തുണ്ടായത് നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍. കൗണ്‍സിലര്‍മാരുടെയും കോടിയേരിയുടെയും ബിജെപി ഓഫീസിനു നേരെയും നടന്ന ആക്രമണങ്ങള്‍ അപലപനീയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പോലീസ് സിപിഐഎമ്മിനോട് മൃതുസമീപനം കാട്ടുകയാണെന്നും പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് 14ഓളം ആക്രമണങ്ങള്‍ ഉണ്ടായിട്ടും ആറു കേസുകളില്‍ മാത്രമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങളുടെ പരാതികള്‍ അനുഭാവപൂര്‍വം കേട്ട മുഖ്യമന്ത്രി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്ന് വാക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.