അനധികൃത വിദേശ തൊഴിലാളികള്‍ക്കായി വലവിരിച്ച് സൗദി

അനധികൃതമായി തൊഴില്‍ എടുക്കുകയോ, ഇഖാമയ്ക്ക് വിരുദ്ധമായി ജോലി ചെയ്യുകയോ, സ്വന്തമായി ജോലി ചെയ്യുകയോ ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് കടുത്ത ശിക്ഷ പ്രഖ്യാപിച്ച് സൗദി അറേബ്യ. ആറു മാസം വരെ തടവ് ശിക്ഷയും 50000 സൗദി റിയാല്‍ പിഴയും തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ലഭിക്കും. ശിക്ഷാകാലാവധി പൂര്‍ത്തിയായശേഷം സൗദിയില്‍നിന്ന് നാടുകടത്തുകയും ചെയ്യുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയമലംഘകരില്ലാത്ത രാജ്യം എന്ന പേരില്‍ സൗദി കഴിഞ്ഞയിടക്ക് ഒരു ക്യാംപെയിന്‍ തുടങ്ങിയിരുന്നു. തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെയും അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെയും കണ്ടെത്തി നാടുകടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാംപെയിന്‍ തുടങ്ങിയിരിക്കുന്നത്. തൊഴില്‍ രേഖകളില്ലാതെയും അനധികൃതമായി ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കുന്നതിനും മറ്റുമായി മൂന്നു മാസത്തെ സമയം സൗദി അനുവദിച്ചിരുന്നു. 90 ദിവസ സമയപരിധി അവസാനിച്ചതിന് പിന്നാലെ നിയമലംഘകര്‍ക്ക് നാടു വിടാന്‍ ഒരു മാസത്തെ സമയം അധികം അനുവദിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ നടപടികള്‍ കര്‍ശനമാക്കിയിരിക്കുന്നത്.

സൗദി ആഭ്യന്തര മന്ത്രാലയവും തൊഴില്‍ വകുപ്പും സംയുക്തമായാണ് നടപടികള്‍ കൈക്കൊള്ളുന്നത്. വിഷന്‍ 2030 മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ നടപടികളെല്ലാം.