കാര്യവട്ടത്ത് രാജ്യാന്തര ട്വന്റി 20 മത്സരം നടത്താൻ തീരുമാനം

കൊൽക്കത്ത : തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ രാജ്യാന്തര ട്വന്റി 20 മത്സരം നടത്താൻ തീരുമാനം. കാര്യവട്ടം സ്റ്റേഡിയത്തിൽ ട്വന്റി 20 ക്രിക്കറ്റ് മത്സരം നടത്താൻ ബിസിസിഐ തീരുമാനമെടുത്തു.ഇക്കൊല്ലം തന്നെ മത്സരം നടത്താമെന്നാണ് കൊൽക്കത്തയിൽ ചേർന്ന ബിസിസിഐ തീരുമാനമെടുത്തത്. ആദ്യമത്സരത്തിൽ ന്യൂസിലൻഡോ ശ്രീലങ്കയോ ആയിരിക്കും ഇന്ത്യയുടെ എതിരാളി.

നേരത്തെ ബിസിസിഐ അധികൃതർ വന്ന് സ്റ്റേഡിയത്തിൽ പരിശോധന നടത്തിയിരുന്നു. തൃപ്തി രേഖപ്പെടുത്തിയായിരുന്നു അന്ന് സംഘം മടങ്ങിയത്. രാജ്യാന്തര ക്രിക്കറ്റ് ലോകത്തേക്ക് തിരുവനന്തപുരവും ഇതോടെ ഇടം പിടിക്കുകയാണ്. കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിനുവേണ്ടിയായിരുന്നു 240 കോടി രൂപ ചിലവിട്ട് ഗ്രീൻഫീൽഡ് സ്റ്റേഡിയം നിർമിച്ചത്. അമ്പതിനായിരം പേർക്ക് ഇവിടെയിരുന്ന് കളി കാണാം.