അലക്‌സാണ്ടർ ദി ഗ്രേറ്റ്

ഇസ്‌താംബൂൾ: ആലിപ്പഴവർഷത്തെതുടർന്ന് എ 320 വിമാനം തകർന്നു. പൈലറ്റിന്റെ അതിസാഹസികമായ ഇടപെടലിലൂടെ 121 യാത്രക്കാരെ അത്ഭുതകരമായി രക്ഷപ്പെടുത്തി. യുക്രൈൻകാരനായ ക്യാപ്റ്റൻ അലക്‌സാണ്ടർ അകോപോവ് ആണ് ആത്മധൈര്യം കൈവിടാതെ അവിശ്വസനീയമായി ഇസ്താംബുളിലെ അറ്റാതുർക്ക് വിമാനത്താവളത്തിൽ വിമാനം ഇറക്കിയത്.

അറ്റ്‌ലസ് ഗ്ലോബലിന്റെ ജെറ്റ് വിമാനം അറ്റാതുർക്ക് വിമാനത്താവളത്തിൽ നിന്നും പറന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ കാലാവസ്ഥ വ്യതിയാനം സംഭവിക്കുകയും, കനത്ത മഴയ്‌ക്കൊപ്പം മഞ്ഞുക്കഷണങ്ങൾ പെയ്യാനും തുടങ്ങി. ശക്തമായി വന്നിടിച്ച മഞ്ഞുക്കഷണങ്ങൾ മുൻഭാഗം പൂർണമായും തകർത്തു .ഇതുൾപ്പടെ വൻ തകരാറുകളാണ് വിമാനത്തിന് സംഭവിച്ചത്.

ആലിപ്പഴ വീഴ്ചയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കുകയല്ലാതെ വേറെ മാർഗമില്ലായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിന്റെ ലാൻഡിംഗ് അത്ര എളുപ്പമായിരുന്നില്ല. പൈലറ്റിന്റെ വൈദഗ്ധ്യവും പരിചയവുമാണ് വലിയ അപകടം ഒഴിവാക്കിയത്. ഇപ്പോൾ ലോക മാധ്യമങ്ങളിൽ താരമായി മാറിയിരിക്കുകയാണ് ക്യാപ്റ്റൻ അലക്‌സാണ്ടർ അകോപോവ്.

യുക്രൈൻ ഗവണ്മെന്റ് അദ്ദേഹത്തിന് ധീരതയ്കുള്ള രാജ്യത്തിന്റെ പരമോന്നത പുരസ്കാരം നൽകി ആദരിക്കും എന്ന് അറിയിച്ചിട്ടുണ്ട്