ഫെയ്‌സ്ബുക്കിന്റെ വിചാരം താരാ കല്യാണാണ് മരിച്ചതെന്നാണ്

കൊച്ചി: നടിയും നര്‍ത്തകിയുമായ താരാ കല്യാണിന്റെ പ്രൊഫൈലിനെ ‘റിമംബറിംഗ് താരാ കല്യാണ്‍’ എന്നാക്കി മാറ്റി ഫെയ്സ്ബുക്കിൻറെ അബദ്ധം. മരിച്ചു പോയവരുടെ പ്രൊഫൈല്‍ നിലനിര്‍ത്താനായി ഫെയ്‌സ്ബുക്ക് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഫീച്ചറാണ് റിമംബറിഗ്. ഇതാണ് ഇപ്പോള്‍ താരാ കല്യാണിന് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് താരാ കല്യാണിന്റെ ഭര്‍ത്താവ് രാജാ റാം അസുഖബാധിതനായി മരിച്ചത്.

ഒരാള്‍ മരിച്ചെന്ന് ബന്ധുക്കള്‍ തെളിവ് സഹിതം ബോധിപ്പിക്കുമ്പോള്‍ മാത്രമാണ് ഫെയ്‌സ്ബുക്ക് പ്രൊഫൈലുകള്‍ റിമംബറിംഗ് മോഡിലേക്ക് മാറ്റുന്നത്. പേജുകള്‍ അതേപടി നിലനിര്‍ത്തുകയും ചെയ്യാറുണ്ട്. എന്നാല്‍, ജീവിച്ചിരിക്കുന്ന താരാ കല്യാണിന്റെ പ്രൊഫൈല്‍ എങ്ങനെ റിമംബറിംഗ് ആയി എന്ന കാര്യത്തില്‍ വ്യക്തതയില്ല.

മരണം മൂലം വിഷമത്തിലായ കുടുംബത്തിന്റെ ഭാഗത്ത്‌നിന്ന് ഇതേക്കുറിച്ച് പ്രതികരണങ്ങളൊന്നും വന്നിട്ടുമില്ല. അച്ഛന്‍ മരിച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന് പോസ്റ്റിട്ടതിന് ശേഷം താരാ കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷില്‍നിന്നും അപ്‌ഡേറ്റുകളൊന്നും വന്നിട്ടില്ല.