സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ പാർപ്പിടം

അബുദാബി: സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ വാടക നിരക്കിലുള്ള ഫ്ലാറ്റുകളും താമസയിടങ്ങളും നിർമ്മിക്കുന്നുവെന്ന് അബുദാബി നഗരസഭ. ഉയർന്ന വാടക മൂലം പ്രതിസന്ധി അനുഭവിക്കുന്ന പ്രവാസികൾക്ക് ഈ പദ്ധതി വളരെ ആശ്വാസം പകരുന്നതാണ്.

ബാച്ച്ലർ താമസക്കാർക്ക് 700 ദിർഹം മുതൽ 1400 ദിർഹം വരെയും കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് മാസം 1400 ദിർഹം മുതൽ 2100 ദിർഹം വരെയും ഈടാക്കുന്ന തരത്തിലുള്ള താമസ സ്ഥലങ്ങളാണ് നഗരസഭ ഒരുക്കുന്നത്. വാടകക്കാരനായ വ്യക്തിയുടെ മൊത്തം ശമ്പളത്തിന്റെ 35 ശതമാനത്തിൽ നിന്നും വാടക നിരക്ക് ഉയരാൻ പാടില്ല എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ മുസബ്ബ മുബാറക് അൽ മുരാറി പറഞ്ഞു.

ഇത്തരം കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് ചില ഇളവുകളും നിർമ്മാതാക്കൾക്ക് അനുവദിക്കുന്നതായിരിക്കും. റിയൽ എസ്റ്റേറ്റ് മേഖലയിലെ അനധികൃത പ്രവണതകൾ തടയാനുള്ള ലക്ഷയം കൂടി ഈ പദ്ധതിക്ക് പിന്നിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.