കമല്‍ഹാസനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ്

ചെന്നൈ: തമിഴ് എന്റര്‍ടെയ്ന്‍മെന്റ് ചാനലായ വിജയ് ടി.വിയിലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പേരില്‍ പുലിവാല് പിടിച്ച് കമല്‍ഹാസന്‍. സ്ത്രീവിരുദ്ധതയുടെ പേരിലും മറ്റും വ്യാപകമായി വിമര്‍ശിക്കപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോള്‍ കമല്‍ഹാസനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പോലീസ് കേസെടുത്തിരിക്കുന്നത്.

ബിഗ് ബോസ് മത്സരാര്‍ത്ഥിയും മലയാളി മോഡലുമായ ഒവിയയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നാണ് കമല്‍ഹാസനെതിരെയുള്ള പരാതി. ചെന്നൈയിലെ ഒരു അഭിഭാഷകനാണ് സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് കമല്‍ഹാസനെതിരെ പരാതി നല്‍കിയത്. പരിപാടിയുടെ നിര്‍മ്മാതാവിനെതിരെയും ചാനലിനെതിരെയും പരാതിയുണ്ട്. ചാനലിന്റെ റേറ്റിംഗ് കൂട്ടുന്നതിനായി മത്സരാര്‍ത്ഥികളെക്കൊണ്ട് കടുത്ത കാര്യങ്ങളാണ് ചെയ്യിക്കുന്നതെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നു പരാതിയില്‍ പറയുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍നിന്ന് ഒവിയ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. 41 ദിവസം റിയാലിറ്റി ഷോയ്ക്ക് വേണ്ടി സഹമത്സരാര്‍ത്ഥികള്‍ക്കൊപ്പം താമസിച്ച ഒവിയ പുറത്തായെന്ന സങ്കടം സഹിക്ക വയ്യാതെ സ്വിമ്മിംഗ് പൂളിലേക്ക് എടുത്തു ചാടിയിരുന്നു. കൂടെയുണ്ടായിരുന്നവര്‍ വലിച്ച് പുറത്തെടുക്കുകയായിരുന്നു. ഇതൊരു ആത്മഹത്യാ ശ്രമമായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്. ജൂണ്‍ 24നാണ് ബിഗ് ബോസ് റിയാലിറ്റി ഷോ സംപ്രേഷണം തുടങ്ങിയത്. ഈ പരിപാടിയുടെ ഹോസ്റ്റാണ് കമല്‍ഹാസന്‍. മലയാളത്തിലും സമാനമായ പരിപാടി നേരത്തെ സംപ്രേഷണം ചെയ്തിട്ടുണ്ട്. മലയാളി ഹൗസ് എന്ന പേരില്‍ തുടങ്ങിയ പരിപാടിയും ഒരുപാട് വിവാദങ്ങളില്‍പ്പെട്ടിരുന്നു.