‘ദുബൈ ഫ്രെയിംസ്’ – ദുബൈയുടെ പുതിയ വിസ്മയം.

ദുബൈ: എന്നും പുതുമ നിറഞ്ഞ കൗതുകക്കാഴ്ചകൾക്കു പ്രാമുഖ്യം നൽകുന്ന ദുബൈ, മറ്റൊരു വിസ്മയ ലോകം കൂടി സൃഷ്ടിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ലോകത്തിലെ അത്യാധുനിക, ആഡംബര നഗരങ്ങളിലൊന്നായ ദുബൈയുടെ 360 ഡിഗ്രി ഡിസ്പ്ലേ- ‘ദുബൈ ഫ്രെയിംസ്’എന്ന വിസ്മയം ഈ വർഷാവസാനത്തോടെ തുറന്നുകൊടുക്കും. 150 മീറ്റർ അഥവാ 492 അടി ഉയരമുള്ള രണ്ട് ഗോപുരങ്ങൾക്ക് മുകളിലായി 93 മീറ്റർ നീളമുള്ള പാലം തീർത്തുകൊണ്ടാണ് ദുബൈ ഫ്രെയിംസ് നിർമ്മിക്കപ്പെടുന്നത്. ഗോപുരങ്ങൾക്കിടയിലുള്ള സ്ഥലം നഗരത്തിന്റെ വ്യക്തമായ ദൃശ്യം കാട്ടിത്തരുന്നു. ഒരു വശത്ത് ശൈഖ് സായിദ് റോഡും ആധുനിക ദുബൈയും കാണുന്നതോടൊപ്പം മറുവശത്തായി ഉമ്മു ഹുറൈർ, കറാമ എന്നിവയടങ്ങിയ പഴയ ദുബായും കാണാൻ കഴിയും. ഫർണാൻഡോ ഡോണിസ് എന്ന പ്രശസ്ത വാസ്തുശില്പിയാണ് ഫ്രെയിം രൂപകൽപന ചെയ്തിരിക്കുന്നത്. ആധുനിക ദുബൈയുടെ പുതിയ മുഖം എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന ചിഹ്നം സമർപ്പിക്കാൻ ക്ഷണിക്കപ്പെട്ട 926 പ്രൊപ്പോസലുകളിൽ നിന്നാണ് ഡോണിസിന്റെ ഈ രൂപകൽപ്പന തിരഞ്ഞെടുക്കപ്പെട്ടത്. 2013-ൽ തുടക്കം കുറിച്ച പദ്ധതി 160 ദശലക്ഷം ദിർഹം ചെലവിൽ ഈ വർഷാവസാനത്തോടെ പൂർത്തീകരിക്കപ്പെടും. പൂർണ്ണമായും ഗ്ലാസ്സിൽ തീർത്തിരിക്കുന്ന പാലത്തിന്റെ ഇരുവശങ്ങളിലും സ്റ്റെയിൻലെസ് സ്റ്റീൽ ഗോൾഡ് സ്ഥാപിച്ചിട്ടുണ്ട്. എക്സോ 2020 ലോഗോയെ ആസ്പദമാക്കിക്കൊണ്ടാണ് ഫ്രെയിമിന്റെ മറ്റു ഡിസൈനുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. രണ്ടു ദശലക്ഷത്തോളം സന്ദര്ശകരെയാണ് ദുബൈയുടെ ഈ വിസ്മയക്കാഴ്ചയിലേക്ക് പ്രതിവർഷം പ്രതീക്ഷിക്കപ്പെടുന്നത്. സബീൽ പാർക്കിന്റെ സ്റ്റാർ ഗേറ്റിനോട് ചേർന്നുകൊണ്ട് 7,145 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പദ്ധതി വ്യാപിച്ചുകിടക്കുന്നത്. പ്രത്യേകതരം ലൈറ്റുകൾ, സൗണ്ട് ഇഫക്റ്റുകൾ എന്നിവയോടെ സന്ദർശകർക്ക് തികച്ചും സാഹസികതയും പുതുമയും പ്രധാനം ചെയ്യുന്നതുമായിരിക്കും ‘ദുബൈ ഫ്രെയിംസ്’ എന്ന് നിർമ്മാതാക്കളായ ഇമാർ പ്രോപ്പർട്ടീസ് അവകാശപ്പെടുന്നു. ദുബൈയുടെ പൗരാണികവും ആധുനികവുമായ കാലഘട്ടങ്ങളെത്തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഏക ജാലകമായാണിത് നിലകൊള്ളുന്നത്. ബുർജ് ഖലീഫ, ബുർജ് അൽ അറബ് എന്നീ ലോകപ്രശസ്ത നാമദേയങ്ങൾക്കൊപ്പം ചേർത്തുവെക്കപ്പെടാവുന്ന ഒന്നായിരിക്കും ദുബൈ ഫ്രെയിംസ് എന്ന് നമുക്ക് അനുമാനിക്കാം!.