കേരളാ ടീമിലേക്കുള്ള വഴി ശ്രീശാന്തിന് തുറക്കപ്പെടുന്നു

ബിസിസിഐ ആജിവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ക്രിക്കറ്റ് താരം ശാന്തകുമാരന്‍ ശ്രീശാന്തിന് കേരളാ ടീമിലേക്കുള്ള വഴി തുറക്കുന്നു. ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കി കൊണ്ടുള്ള വിധി ഹൈക്കോടതി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ശ്രീശാന്തിന് കേരളാ ടീമിലേക്കുള്ള വഴി തുറക്കുന്നതായുള്ള സൂചനകള്‍ വന്നു തുടങ്ങിയത്.

കേരളാ ടീമിലേക്ക് പരിഗണിക്കപ്പെടാന് എന്തുകൊണ്ടും യോഗ്യനാണ് ശ്രീശാന്തെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ബി. വിനോദ് കുമാര്‍ പറഞ്ഞു.

കോടതി വിധിയെ കെ.സി.എ. മുന്‍ പ്രസിഡന്റും ബി.സി.സി.ഐ. വൈസ് പ്രസിഡന്റുമായ ടി.സി. മാത്യുവും സ്വാഗതം ചെയ്തു. ശ്രീശാന്തിന് അനുകൂലമായ ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മാത്യു പറഞ്ഞു. പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ ബിസിസിഐയ്ക്ക് വിലക്ക് നീക്കേണ്ടി വരുമെന്നും ശ്രീശാന്തിന് തടഞ്ഞ് വെച്ച എല്ലാ ആനുകൂല്യങ്ങലും നല്‍കേണ്ടി വരുമെന്നും മാത്യൂ കൂട്ടിച്ചേര്‍ത്തു. അഭ്യന്തര മത്സരത്തില്‍ കളിച്ച് ഫിറ്റ്നസ് നേടിയെടുക്കാന്‍ ശ്രീശാന്ത് പ്രത്യേകം ശ്രദ്ധിക്കണമെന്നും ടിസി മാത്യു ഉപദേശിക്കുന്നു.