ബാഴ്‌സയേക്കാള്‍ വലുതല്ല നെയ്മര്‍: ബാഴ്‌സലോണ പ്രസിഡന്റ്

ബാഴ്‌സലോണ: കറ്റാലന്‍ ക്ലബ് വിട്ട ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയറെ രൂക്ഷമായി വിമര്‍ശിച്ച് ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് മരിയ ബാര്‍തോമ്യു. ബാഴ്‌സലോണയേക്കാള്‍ വലുതല്ല നെയ്മര്‍ ഉള്‍പ്പെടെയുളള ഒരു താരമെന്നും നെയ്മര്‍ ബാഴ്‌സ വിട്ട രീതി വൃത്തികെട്ടതായിപ്പോയെന്നും ബാര്‍തോമ്യു പറയുന്നു.

എല്ലാത്തിനും ഒരു പരിധിയുണ്ട്. ഒരു താരവും ബാഴ്‌സയെക്കാള്‍ വലുതല്ല, നെയ്മര്‍ ക്ലബ്ബ് വിട്ട രീതി ശരിയായില്ല. ഒരു ബാഴ്‌സലോണ താരത്തിന് ഉചിതമായ രീതിയിലായിരുന്നില്ല അദ്ദേഹത്തിന്റെ നടപടികള്‍. നെയ്മര്‍ ക്ലബ്ബ് വിട്ടു പോകുമായിരുന്നു എന്ന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് കൈമാറ്റ തുക ഉയര്‍ത്തിയത്. ഇത് ഫലപ്രദമായി ഉപയോഗിക്കും. പിഎസ്ജിയിലേക്ക് കൂടുമാറാനുളള തീരുമാനം നെയ്മറിന്റെ സ്വന്തം ഇഷ്ടമായിരുന്നു. താരത്തെ കൂടെ നിര്‍ത്താന്‍ ക്ലബ്ബ് തങ്ങളാലാവുന്നത് മുഴുവന്‍ ചെയ്‌തെന്നും ജോസഫ് മരിയ ബാര്‍തോമ്യു കൂട്ടിച്ചേര്‍ത്തു.

222 മില്യണ്‍ യൂറോയ്ക്കാണ് നെയ്മര്‍ ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലേക്ക് കൂടുമാറിയത്. ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വിപണയിലെ റെക്കോര്‍ഡ് തുകയാണിത്.