ഹാര്‍ദ്ദിക്ക് പാണ്ഡ്യ ‘ഇന്ത്യന്‍ ബെന്‍സ്റ്റോക്‌സോ’? വിമര്‍ശനവുമായി ഗംഭീര്‍

ഹാര്‍ദ്ദിക്ക് പാണ്ഡ്യയെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത്തിയതിനെതിരെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ രംഗത്ത്. ഹാര്‍ദ്ദിക്ക് പാണ്ഡ്യ ഇനിയും കുറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും പ്രത്യേകിച്ചും ബാറ്റിംഗിലെ സാങ്കേതികത്തികവ് ഉറപ്പ് വരുത്തമെന്നും ഗംഭീര്‍ പറയുന്നു.

തന്റെ അഭിപ്രായത്തില്‍ ടെസ്റ്റ് ടീമില്‍ ഹാര്‍ദ്ദിക്കിനെ ഉള്‍പ്പെടുത്തിയതില്‍ കുറച്ച് കൂടി കാത്തിരിക്കാമായിരുന്നുവെന്നും ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ ഗൗതം ഗംഭീര്‍ പറയുന്നു. ഇംഗ്ലീഷ് ദിനപത്രമായ ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീര്‍ ഇക്കാര്യങ്ങള്‍ വിശദമാക്കുന്നത്.

‘ഹാര്‍ദ്ദിക്ക് ഒരുപാട് പുരോഗമിക്കാനിരിക്കുന്നു, പ്രത്യേകിച്ച് ബാറ്റ് ചെയ്യാന്‍ വരുമ്പോള്‍. ഒരു സ്റ്റൈലിലൂടെ മാത്രം അന്താരാഷ്ട്ര ക്രിക്കറ്റില്‍ എപ്പോഴും ബാറ്റ് ചെയ്യാന്‍കഴിയില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ അവന് അവന്റെ മികച്ച രണ്ടോ മൂന്നോ പ്രകടനങ്ങള്‍ കാഴ്ച്ചവെക്കാനായേക്കും. എന്നാല്‍ പിന്നീട് അവനാഗ്രഹിക്കുന്ന വിധം കളിക്കണമെങ്കില്‍ ഭദ്രമായൊരു അടിത്തറ വേണ്ടിവരും’ ഗംഭീര്‍ പറയുന്നു.

ഹാര്‍ദ്ദിക്ക് പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഇനിയും പാകപ്പെട്ടിട്ടില്ലെന്നും സാങ്കേതികത്തികവ് ഉറപ്പ് വരുത്താന്‍ ശ്രമിക്കേണ്ടതുണ്ടെന്നും തുറന്ന് പറയാനും ഗംഭീര്‍ മടിച്ചില്ല. ഹാര്‍ദ്ദിക്കിനെ ബെന്‍സ്റ്റോക്സുമായി താരതമ്യം ചെയ്ത കോഹ്ലിയുടെ നടപടിയേയും പരോക്ഷമായി ഗംഭീര്‍ വിമര്‍ശിച്ചു.

നേരത്തെ ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോഹ്ലി ഹാര്‍ദ്ദിക്ക് പാണ്ഡ്യയെ ഇന്ത്യന്‍ ബെന്‍സ്റ്റോക്സ് എന്ന് വിശേഷിപ്പിച്ചിരുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് ഹാര്‍ദ്ദിക്കിനെ കോഹ്ലി പ്രശംസകൊണ്ട് മൂടിയത്.