തൊഴിലാളികൾക്ക് ആശ്വാസമേകി പുതുക്കിയ തൊഴിൽ നിയമം യുഎഇയിൽ പ്രാബല്യത്തിൽ.

ദുബൈ: യുഎഇയിൽ പുതുക്കിയ തൊഴിൽ നിയമപ്രകാരം കമ്പനികളിൽ നിന്നും തൊഴിൽ കരാറിൽ വ്യക്തമാക്കിയ നിശ്ചിത വേതനം ലഭിക്കുന്നില്ലായെങ്കിൽ അക്കാര്യം നേരിട്ട് പരാതിപ്പെടാൻ തൊഴിലാളികൾക്ക് അവകാശമുണ്ടായിരിക്കുമെന്ന് യുഎഇ സ്വദേശവൽക്കരണ- മാനവ വിഭവശേഷി മന്ത്രാലയ അധികൃതർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. നിശ്ചിത വേതനമോ കരാറിൽ സൂചിപ്പിച്ച മറ്റു ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല എങ്കിൽ അത്തരം പ്രശ്നങ്ങളും പരാതിക്കാരന് ബന്ധപ്പെട്ടവരെ നേരിട്ട് ബോധ്യപ്പെടുത്താൻ സാധിക്കുന്ന രീതിയിലാണ് പുതിയ നിയമം.

തൊഴിൽ കരാറിൽ വ്യക്തമാക്കിയ വേതനം നൽകുന്നതിൽ തൊഴിലുടമ കാലതാമസം വരുത്തുകയോ, തങ്ങളുടെ അനുവദനീയമായ മറ്റു അവകാശങ്ങൾ നല്കപ്പെടാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ തൊഴിലാളികൾക്ക് നേരിട്ട് മന്ത്രാലയത്തിൽ പരാതിപ്പെടാമെന്നു മന്ത്രാലയത്തിലെ മുതിർന്ന ജനസമ്പർക്ക വകുപ്പ് തലവൻ അഹമ്മദ് മുബാറക് പറഞ്ഞു. യുഎഇ ഫെഡറൽ ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ള വ്യവസ്ഥകളോടെ മാത്രമായിരിക്കും മന്ത്രാലയം ഈ വിഷയത്തിലുളള പരാതികൾ പരിഗണിക്കുക.

നിരവധി പരാതികൾ നിലനിൽക്കെത്തന്നെ തങ്ങൾക്ക്‌ ലഭിച്ച ഒരു പ്രത്യേക പരാതിയിന്മേലാണ് മന്ത്രാലയം ഇത്തരമൊരു നടപടി സ്വീകരിച്ചത്. ജീവനക്കാരന് കുടുംബ വീസ തരപ്പെടുത്തുന്നതിനായി തൊഴിലുടമയും ജീവനക്കാരനും ചേർന്നു 4000 ദിർഹം വേതനം കാണിച്ചു വ്യാജകരാർ ഉണ്ടാക്കി. എന്നാൽ, യഥാർത്ഥ കരാർ പ്രകാരം ഭാവിയിൽ വേതന വര്‍ദ്ധനവ് ഉൾപ്പെടെ 2800 ദിർഹം മാത്രമാണ് തൊഴിലാളി ശമ്പളമായി കൈപ്പറ്റികൊണ്ടിരുന്നത്. കമ്പനിയിൽ സൂപ്പർ വൈസർ തസ്തികയിൽ മൂന്നുവർഷത്തോളമായി ജോലിചെയ്യുന്ന ജീവനക്കാരൻ പലതവണ വേതനം കൂട്ടിനല്കാൻ ആവശ്യപ്പെട്ടെങ്കിലും കമ്പനി അനുകൂല നടപടികള്‍ക്ക് വഴങ്ങിയില്ല. ഇതിനെതിരെ ജീവനക്കാരൻ നൽകിയ പരാതിയിന്മേലാണ് പുതിയ നിയമവ്യവസ്ഥ കൈക്കൊള്ളാൻ മന്ത്രാലയം തയ്യാറായത്.

ഫാമിലി വിസ ലഭിക്കുന്നതിനും മറ്റുമായി സ്ഥാപനങ്ങൾ തൊഴിൽ കരാറിൽ കൃത്രിമം കാണിച്ചുവരുന്ന സാഹചര്യങ്ങൾ നിരവധിയാണ്. എന്നാൽ ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, വ്യാജ തൊഴിൽ കരാർ ഉണ്ടാക്കിയതിന് തൊഴിലുടമയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ജീവനക്കാരനും തൊഴിലുടമയും ഒപ്പിട്ട തൊഴില്‍ കരാര്‍ തികച്ചും സുതാര്യവും സത്യസന്ധവും ആയിരിക്കുകയും മാനവ വിഭവശേഷി മന്ത്രാലയം സാക്ഷ്യപ്പെടുത്തിയിരിക്കുകയും വേണം എന്നതാണ് യഥാർത്ഥ നിയമവ്യവസ്ഥ. ഇതോടൊപ്പം അവധിയിൽ പോയ തൊഴിലാളികള്‍ കൃത്യസമയതത്തുതന്നെ ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ ധൃതിപിടിച്ചു നടപടികള്‍ സ്വീകരിക്കുന്ന പ്രവണത വ്യാപകമായിക്കൊണ്ടിരിക്കുന്നത് നിയമപ്രകാരം 15 ദിവസം വരെ കാത്തിരുന്ന ശേഷം മാത്രമേ മന്ത്രാലയ രേഖകളില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ സ്വീകരിക്കാവൂവെന്നും അഹമ്മദ് തൊഴിലുടമകളെ ഓര്‍മിപ്പിച്ചു. എന്നാൽ, ഈ കാലാവധി കഴിഞ്ഞിട്ടും ജോലിയില്‍ തിരികെ ഹാജരാകാത്ത തൊഴിലാളികള്‍ക്കെതിരെ അവരുടെ അസാന്നിധ്യത്തില്‍ ലേബര്‍ കോടതി മുഖാന്തരം കമ്പനികൾക്ക് നടപടികള്‍ സ്വീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.