യോഗിക്കു ‘നമോ’വാകം

“വെറുപ്പ് ഒരു വ്യക്തിയുടെ ജ്ഞാനത്തെയും, മനസ്സാക്ഷിയെയും ജീർണിപ്പിക്കും; ശത്രുത മനോഭാവം ഒരു രാഷ്ട്രത്തിന്റെ ആത്മാവിനെ വിഷലിപ്തമാക്കുന്നതിനും, മൃഗീയ ജീവിതവും മരണതുല്യമായ പോരാട്ടങ്ങളും ജനിപ്പിക്കുന്നതിനും , സമൂഹത്തിന്റെ സഹിഷ്ണുതയെയും മനുഷ്യത്വത്തെയും നശിപ്പിക്കുന്നതിനും, സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള രാജ്യ പുരോഗതി തടയുന്നതിനും കഴിയും.” സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവായ ലിയു സിവോബോയുടെ വാക്കുകളാണിവ.

ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ഇന്നലെ മുതൽ ലോക ഭൂപടത്തിൽ ഇന്ത്യയുടെ തീരാക്കളങ്കമാണ്.
ജീവനുള്ള എന്തിന്റെയും അടിസ്ഥാന അവകാശമായ ജീവവായു നിഷേധിക്കപ്പെട്ട് പിടഞ്ഞു മരിച്ച ഒന്നുമറിയാത്ത അറുപതോളം പിഞ്ചു ബാല്യങ്ങളുടെ ജീവൻ അധികാരവർഗ്ഗത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം നഷ്ടപെട്ടപ്പോൾ, അതെങ്ങനെ എന്നന്വേഷിക്കാതെ കൂട്ട മരണത്തിന്റെ കാരണം അവരുടെ ആരോഗ്യസ്ഥിതിയാണെന്ന് പറഞ്ഞ് ഉത്തരവാദിത്വങ്ങളിൽ നിന്നൊഴിയാനാണ് അധികാരികളുടെ ശ്രമം.

ഭാരതത്തിലെ മനഃസാക്ഷിയുള്ള ഓരോ പൗരന്റെയും കണ്ണ് നനയിച്ച ഈ സംഭവത്തെ, ലോക മാധ്യമങ്ങൾ പോലും സഹാനുഭൂതിയോടെ ഏറ്റെടുത്തു .ലോക രാജ്യങ്ങൾക്ക് മുൻപിൽ ക്ളീൻ ഇമേജ് നേടാൻ വേണ്ടി ഉലകം ചുറ്റുന്ന വാലിബന്റെ കടുത്ത ഭക്തൻ ഭരിക്കുന്ന നാടെന്ന നിലയിൽ ഉത്തർപ്രദേശ് പ്രശസ്തമാണ്. അടുത്തിടെയാണ് പശുക്കൾക്ക് വേണ്ടി ആംബുലൻസും, ആശുപത്രികളും, ഹോസ്റ്റലുകളും ഉണ്ടാക്കുമെന്ന് പറഞ്ഞ് ഗോരക്ഷക്കു വേണ്ടി ഒരു വകുപ്പിന് തന്നെ യോഗി ആദിത്യനാഥ് രൂപം കൊടുത്തത്. അത് പോലെ തന്നെ ആശുപത്രികളിൽ മന്ത്രവാദികൾക്കും ജ്യോത്സ്യന്മാർക്കും തസ്തികകൾ ഉണ്ടാക്കി കൊണ്ട് വിചിത്ര പ്രസ്താവനകൾ ഇറക്കിയതും മറ്റെങ്ങുമല്ല . സംഭവത്തെ കുറിച്ച് ആദിത്യനാഥിന്റെ പ്രതികരണം മുൻ സർക്കാരിന്റെ ഉത്തരവാദിത്വമില്ലാത്ത ഭരണമാണ് ഇതിനു കാരണം എന്നായിരുന്നു. പ്രധാനമന്ത്രിജി സംഭവത്തെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണത്രെ.ആ പിഞ്ചു ജീവനെക്കാൾ വലിയ കാര്യങ്ങളാണല്ലോ വന്ദേ മാതരവും, മദ്രസകളിലെ സ്വാതന്ത്ര്യദിനാഘോഷവുമൊക്കെ.

******
സാമൂഹിക രാഷ്ട്രീയ നേതാക്കൾ സംഭവത്തെ അപലപിച്ച് ഫേസ്ബുക്കിൽ കുറിച്ചിട്ട വരികൾ ഇപ്രകാരമാണ്;

രമേശ് ചെന്നിത്തല: “ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലം ആയ ഗോരഖ് പൂരിൽ സംഭവിച്ച 30 ശിശു മരണം ലഘുകരിക്കാനാണ് ബിജെപി ശ്രമം. പശുവിന് കൊടുക്കുന്ന പരിചരണം പോലും മനുഷ്യകുഞ്ഞിനു നൽകാത്ത സർക്കാരിന്റെ നയം അങ്ങേയറ്റം തെറ്റാണ് .”

എം.ബി. രാജേഷ്: ” പശു ഓക്‌സിജൻ തരും എന്ന് വിശ്വസിക്കുന്നവർ ഭരിക്കുമ്പോൾ ആശുപത്രിയിൽ ഓക്‌സിജൻ ഇല്ല എന്നു പറഞ്ഞാൽ ഭരണാധികാരികൾക്ക് എങ്ങിനെ മനസ്സിലാവും? പശുരക്ഷക്കും പ്രണയം പൊളിക്കാനും (ആന്റി റോമിയേ സ്‌ക്വാഡ്) ഉള്ള ശുഷ്‌കാന്തിയെങ്കിലും പ്രാണവായു ഉറപ്പാക്കാൻ നൽകിയിരുന്നെങ്കിൽ….”

എം.എ ബേബി: ” ജീവവായു കിട്ടാതെ കുഞ്ഞുങ്ങൾ പിടഞ്ഞു മരിക്കുന്ന ഇന്ത്യ. നിരാലംബരായ ദരിദ്ര മാതാപിതാക്കൾ ആശ്രയമില്ലാതെ വാവിട്ട് നിലവിളിക്കുന്ന ഇന്ത്യ. സ്വാതന്ത്ര്യം കിട്ടി എഴുപതാണ്ടായിട്ടും ശിശുക്കളുടെ ജീവൻ വിലവയ്ക്കാൻ പഠിക്കാത്ത ഒരു രാഷ്ട്രമാണ് നമ്മൾ. മനുഷ്യൻറെ അവകാശങ്ങളെ അമർത്തി വയ്ക്കാൻ നാം മതത്തെ ഉപയോഗിക്കുന്നു.”

വി.ടി.ബൽറാം: “30 കുഞ്ഞുങ്ങൾ ശ്വാസം മുട്ടി മരിക്കുന്നു. ഞെട്ടലും വേദനയുമാണിപ്പോൾ. രാഷ്ട്രീയം പിന്നെ പറയാം.”

കൈലേഷ് സത്യാർത്ഥി : “ഓക്‌സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ മരിച്ചത് ഒരു ദുരന്തമല്ല, മറിച്ച് ഒരു കൂട്ടക്കുരുതിയാണ്”
******

ഇതിനെല്ലാം പുറമെയാണ് സോഷ്യൽ മീഡിയകളിൽ നമ്മളെ പോലെയുള്ള അധഃസ്ഥിത പൗരന്മാരുടെ വിലാപങ്ങൾ . ഇത്രയൊക്കെ സംഭവിച്ചിട്ടും ഒരു ദേശീയ മാധ്യമങ്ങൾ പോലും റേറ്റിംഗ് കൂട്ടാനുള്ള ഒരു വാർത്ത എന്നതിനപ്പുറം ഈ പിഞ്ചു കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിക്ക് വില കൊടുത്തിട്ടില്ല എന്നതാണ് സത്യം. അതോ ഭരണ മേലാളന്മാർ ഭയക്കുന്ന ചട്ടുകങ്ങളായ് ഭാരതത്തിലെ മാധ്യമങ്ങളും പരിണമിച്ചെന്നാണോ നാം മനസ്സിലാക്കേണ്ടത് ..

ഭാരതം സ്വതന്ത്രയായതിന്റെ എഴുപത്തിയൊന്നാം വാർഷികം നാം ആഘോഷിക്കുമ്പോൾ നാം ചിന്തിക്കുക ,
എന്താണ് സ്വാതന്ത്ര്യം ?
പിഞ്ചുകുഞ്ഞുങ്ങൾക്ക് ജീവിക്കാനുള്ള അവകാശം നിഷേധിച്ച സ്വാതന്ത്ര്യമോ?
അതോ പാവപ്പെട്ടവൻ കഷ്ടപ്പെട്ട് വളർത്തിയ മാടുകളെ വിൽക്കാൻ ശ്രമിച്ചാൽ തല്ലികൊല്ലുന്ന സ്വാതന്ത്ര്യമോ?
എന്ത് ധരിക്കണം എന്ത് കഴിക്കണം എന്ന് സർക്കാർ ഉത്തരവിടുന്ന സ്വാതന്ത്ര്യമോ?
പണമില്ലാത്തവൻ തന്റെ പ്രിയപെട്ടവരുടെ മൃതശരീരം ചുമലിലേറ്റി നടക്കേണ്ട സാഹചര്യമുള്ള സ്വാതന്ത്ര്യമോ?
വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ കപ്പം കെട്ടേണ്ടി വരുന്ന സ്വാതന്ത്ര്യമോ?

ഇങ്ങനെ പോയാൽ ഒരു കാര്യം ഉറപ്പാണ്, മാനവും ജ്ഞാനവും അടിയറവു വെക്കാത്ത യുവത്വം വീണ്ടും തെരുവുകളിക്കലേക്കിറങ്ങും, ഫാസ്സിസ്റ്റ് ഭരണകൂടങ്ങളുടെ ഏകാധിപത്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായി.
കുമാരനാശാന്റെ രണ്ടു വരികൾ ഓർമപ്പെടുത്തി, ഇനിയും ബാല്യങ്ങൾ എരിഞ്ഞൊടുങ്ങാതിരിക്കട്ടെ എന്ന പ്രാർത്ഥനയുമായ് ഞാൻ നിർത്തട്ടെ;

“സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം”

[email protected]സൂര്യൻ@-