ഹജജ് തീര്‍ത്ഥാടകര്‍ക്കായുള്ള സേവനങ്ങള്‍ നൽകുന്നതില്‍ കേരള മോഡല്‍ മാതൃകാപരം; മുഖ്യമന്ത്രി

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്ന് ഒരുക്കിയ ഹജ്ജ് ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഹജ്ജ് അപേക്ഷകരുടെ എണ്ണം വളരെക്കൂടുതലാണെന്നും എണ്ണത്തിനനുസരിച്ച ക്വാട്ട അനുവദിക്കമെന്നകാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് തീര്‍ത്ഥാടനത്തിന് കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം ആഗസ്റ്റ് 13 ന് പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു യാത്ര തിരിക്കും.

ഹജജ് തീര്‍ത്ഥാടകര്‍ക്കായുള്ള സേവനങ്ങള്‍ നല്കുന്നതില്‍ കേരളമോഡല്‍ മാതൃകാപരമാണ്. ഇത് മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കാവുന്നതാണ്. തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യമൊരുക്കുന്നതിന് സംസ്ഥാനം പ്രതിജ്ഞാബദ്ധമാണ്. ഇത്തവണ കേന്ദ്ര പരിശീലനം ലഭിക്കാത്തവര്‍ക്കായി കേരളത്തില്‍ പരിശീലനം നല്കിയിരുന്നു. തീര്‍ത്ഥാടകരുടെ ശിരോവസ്ത്രത്തിനു പുറകില്‍ ഇന്ത്യന്‍ ദേശീയപതാകയുടെ മാതൃകയും ഹജ് വോളന്റിയേഴ്‌സിന്റെ ഫോണ്‍നമ്പറും നല്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്കാവശ്യമായ പ്രതിരോധമരുന്നുകള്‍ നല്കാന്‍ ആരോഗ്യവകുപ്പും ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട് മുതലായ കാര്യങ്ങളും അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി.

ഇന്ത്യയില്‍ നിന്ന് 1.25 ലക്ഷം പേരാണ് ഹജ്ജിനായി പോകുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്ന് 11800 പേര്‍ക്ക് പോകാനുള്ള സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്. ഇതില്‍ 305 പേര്‍ ലക്ഷദ്വീപില്‍ നിന്നും 32 പേര്‍ മാഹിയില്‍ നിന്നുമാണ്. രണ്ടു വയസ്സില്‍ താഴെയുള്ള 28 കുഞ്ഞുങ്ങളുമുണ്ട്.