വോട്ടു നഷ്ടപ്പെടുത്തിയ വിമാനം വൈകലില്‍ നടപടി വേണം, ഇല്ലെങ്കില്‍ കോടതിയില്‍ പോകുമെന്ന് കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പറ്റാതാക്കിയ വിമാനം വൈകലില്‍ നടപടി ആവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടി എംപി. എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് അന്ന് കുഞ്ഞാലിക്കുട്ടിയും അബ്ദുള്‍വഹാബും യാത്ര ചെയ്തത്. ഈ വിമാനം വൈകിയതിനെ തുടര്‍ന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് വോട്ടു ചെയ്യാന്‍ സാധിക്കാതെ വന്നത്. ഈ തെരഞ്ഞെടുപ്പില്‍ വെങ്കയ്യ നായിഡു തെരഞ്ഞെടുക്കപ്പെട്ടു. വോട്ടു നഷ്ടപ്പെട്ട സംഭവത്തില്‍ മുസ്ലീംലീഗ് എംപിമാര്‍ക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു.

ആര്‍എസ്എസ്, ബിജെപി ഫാസിസത്തിനെതിരെ പ്രതിരോധം ഉയര്‍ത്തേണ്ട ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ ഇത്തരത്തിലൊരു വീഴ്ച നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായതാണ് പാണക്കാട് തങ്ങളെ നേരിട്ട് കണ്ട് പല നേതാക്കളും പ്രതിഷേധം അറിയിക്കാന്‍ ഇടയാക്കിയത്. വിമാനം വൈകിയതിനെ തുടര്‍ന്ന് വോട്ടിംഗ് സമയം കഴിഞ്ഞാണ് നേതാക്കള്‍ പാര്‍ലമെന്റിലെത്തിയത്. അഞ്ച് മണിക്ക് വോട്ടിംഗ് അവസാനിച്ചു, എന്നാല്‍ മുസ്ലീംലീഗ് നേതാക്കള്‍ എത്തിയത് 5.10നാണ്. അതേസമയം വിമാനം മനപ്പൂര്‍വം വൈകിപ്പിച്ചതാണെന്ന ആരോപണം വളരെ ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ട്.

തെരഞ്ഞെടുപ്പിന് തലേദിവസം തന്നെ ഡല്‍ഹിയില്‍ എത്താത്തിരുന്നതിനെ ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു. തെരഞ്ഞെടുപ്പ് ദിവസം രാവിലെയാണ് നേതാക്കള്‍ ഡല്‍ഹിക്ക് പുറപ്പെട്ടത്.