റെയ്മണ്ട് ഉടമസ്ഥാവകാശ കേസ് കോടതിയിലേക്ക്

മുംബൈ: ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തികളിലൊരാളായിരുന്ന റെയ്മണ്ടിൻറെ ഉടമ ഡോ. വിജയ്പത് സിംഘാനിയ ഇപ്പോൾ കഴിയുന്നത് വാടക വീട്ടിൽ ആണെന്ന് എത്രപേർക്കറിയാം. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ ഇടയിലാണ് ഇപ്പോൾ സിംഘാനിയയുടെ ജീവിതം. റെയ്മണ്ട്സ് എന്ന വസ്ത്രനിർമ്മാണ സ്ഥാപനം തുടങ്ങിയത് സിംഘാനിയയാണ്. എന്നാൽ അനിവാര്യമായ തലമുറ കൈമാറ്റത്തിലൂടെ മകൻ ഗൗതം സിംഘാനിയയുടെ കയ്യിൽ ഏൽപ്പിച്ചതോടെ ഡോ. വിജയ്പത് സിംഘാനിയ പാമരനായി മാറി വാടക വീട്ടിലേക്ക് താമസം മാറ്റേണ്ട അവസ്ഥ സംജാതമായി.

മുംബൈയിലെ മലബാർ ഹില്ലിലുള്ള കെകെ ഹൗസ് എന്ന 36 നില കെട്ടിടത്തിൻറെ ഉടമയായിരുന്ന വിജയ്പത് ഇപ്പോൽ താമസിക്കുന്നത് ഒരു വാടക വീട്ടിലാണ്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് സിംഘാനിയ അടുത്തിടെ ഒരു ഹർജി ഫയൽ ചെയ്തിരുന്നു. കെകെ ഹൗസിൽ തനിക്കും ഉടമസ്ഥാവകാശം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹർജി. കൂടാതെ തൻറെ പേരിലുള്ള വസ്തുക്കളുടെ രേഖ സൂക്ഷിച്ചിരുന്ന കമ്പനി ജീവനക്കാരനെ കാണിനില്ലെന്നും ആ രേഖകൾ നഷ്ടപ്പെട്ടെന്നും ഇതിനു പിന്നിൽ മകൻ ഗൗതം ആണെന്നും സിംഘാനിയ ആരോപിക്കുന്നുണ്ട്.

സിംഘാനിയുടെ മകൻ ഗൗതം അദ്ദേഹത്തിൻറെ എല്ലാ വസ്തുക്കളും തട്ടിയെടുത്തുവെന്നും സിംഘാനിയയുടെ അഭിഭാഷകൻ ദിന്യാർ മാദൻ പറഞ്ഞു. സിംഘാനിയയുടെ പേരിലുണ്ടായിരുന്ന 1000 കോടിയുടെ ഓഹരികൾ മകന് വിട്ടു നൽകിയതായും അഭിഭാഷകൻ പറഞ്ഞു. കെകെ ഹൗസിലെ 27, 28 നില കെട്ടിടങ്ങൾ വിട്ടു നൽകണമെന്നും മാസം ഏഴ് ലക്ഷം രൂപ ജീവനാംശമായി ലഭിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രശ്നം കോടതിക്കു പുറത്ത് ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ആഗസ്റ്റ് 18 മുൻപായി കോടതിയിൽ മറുപടി നൽകണമെന്നും കോടതി കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ആഗസ്റ്റ് 22 ന് വീണ്ടും വാദം കേൾക്കും.

2006 ൽ രാജ്യം അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചു.

#Vijaypat_Singhania