സലിം കുമാര്‍ ഫലിതങ്ങള്‍ പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം : ‘ഒരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ- സലിം കുമാര്‍ ഫലിതങ്ങള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിലെ ചിത്രം വിചിത്രം എന്ന പരിപാടി അവതരിപ്പിക്കുന്ന കെവി മധുവാണ് സലിം കുമാറിന്റെ ഫലിതങ്ങൾ കോർത്തിണക്കി പുസ്തകമാക്കിയത്. പുസ്തകം ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ് നടന്‍ ഇന്ദ്രന്‍സിന് നല്‍കിയാണ് പ്രകാശനം ചെയ്തത്.

കണ്ണൂരിനേക്കാള്‍ കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തിരുവനന്തപുരത്ത് നടക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞതെന്നും ഇതിനെല്ലാം കാരണം ചിരി നമ്മളില്‍ നിന്ന് വിട്ടുപോയതു കൊണ്ടാണെന്നും സലിം കുമാർ പറഞ്ഞു. പലതവണ സോഷ്യല്‍ മീഡിയ തന്നെ കൊന്നിട്ടും താന്‍ ചിരിച്ചു കൊണ്ട് അതിനെ നേരിട്ടതിനാലാണ് ഇപ്പോഴും ജീവിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.