ദുബൈയിൽ ഇനി കെട്ടിട നിർമ്മാണ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാം!!..

ദുബൈ: അംബരചുംബികളായ കെട്ടിടങ്ങളാൽ എന്നും പ്രസിദ്ധിയാർജ്ജിച്ച ദുബൈ, തങ്ങളുടെ നഗരവികസനത്തിന്റെ ഭാഗമായി ചില നിയമനടപടികൾ ലഘൂകരിക്കുന്നു. എമിറേറ്റിൽ ബിൽഡിംഗ് പെർമിറ്റുകൾ ഉണ്ടാക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഒരു ഏകജാലക സംവിധാനം രൂപവൽക്കരിച്ചുകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ കുറഞ്ഞ കാലയളവിൽത്തന്നെ പൂർത്തീകരിക്കാനാണ് ദുബൈ പദ്ധതിയിടുന്നത്. അപേക്ഷ ലഭിച്ച് മൂന്നു ദിവസത്തിനകം മറുപടി നൽകിയിരിക്കണമെന്ന വ്യവസ്‌ഥയിൽ സ്‌ഥലപരിശോധന ഉൾപ്പെടെ അഞ്ചുഘട്ടങ്ങളിലായുള്ള പദ്ധതി, ഗവൺമെന്റ് സ്ഥാപനങ്ങളിൽ നിന്ന് കെട്ടിടാവകാശ പെർമിറ്റ് ഉൾപ്പെടെയുള്ള പ്രക്രിയകൾ എളുപ്പത്തിലാക്കാൻ സഹായിക്കുന്നതായിരിക്കും. യു.എ.ഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നഗരത്തിലെ ‘ബിൽഡിംഗ് പെർമിറ്റ് പ്രൊസീജിയേഴ്സ് ഡവലപ്മെന്റി’ന്റെ ഈ പുതിയ നിയമപദ്ധതിക്ക് അംഗീകാരം നൽകി. റിയൽ എസ്റ്റേറ്റ് മേഖലയിലുള്ള നിക്ഷേപകർക്ക് സഹായകമാകുംവിധം ദുബൈയുടെ വികസനം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്ന് അദ്ദേഹം വ്യക്തമാക്കി. കാലതാമസമോ മറ്റു തടസ്സങ്ങളോ കൂടാതെതന്നെ പൂർണ്ണമായും സ്‌മാർട് സംവിധാനങ്ങളിലൂടെയായിരിക്കും നടപടികൾ പൂർത്തിയാക്കാൻ സൗകര്യമൊരുക്കുന്നത്.

പ്രധാനമായും മൂന്ന് സ്തംഭങ്ങളിലൂന്നിയാണ് പദ്ധതി പ്രാവർത്തികമാക്കുക- ഒന്ന്, കെട്ടിടനിർമ്മാണാനുമതി എളുപ്പത്തിൽ ലഭിക്കുന്നതുമായി ബന്ധപ്പെട്ടതും രണ്ടാമത്തേത്, ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങളും തുടർ നടപടിക്രമങ്ങളും പൂർത്തിയാക്കുന്നതും മൂന്നാമതായി, നിരവധി ഓഫീസുകളും മറ്റും കയറിയിറങ്ങാതെത്തന്നെ ഒരു കുടക്കീഴിൽ എല്ലാ നടപടിക്രമങ്ങളും വളരെ സുതാര്യമായിത്തന്നെ പൂർത്തീകരിച്ചു കിട്ടുന്നതായി ബന്ധപ്പെട്ടതുമായ ഒരു ഏകീകൃത സംവിധാനം നടപ്പിലാക്കാനാണ് പദ്ധതിയുടെ തീരുമാനം. ഇതിനായി ഈ വർഷം ഫെബ്രുവരി മുതൽ നിരവധി പഠനങ്ങളും വിശദമായ ഗവേഷണങ്ങളും യോഗങ്ങളും ശിൽപ്പശാലകളും സംഘടിപ്പിച്ചിരുന്നു. കൺസൾട്ടന്റ്മാർ, കോൺട്രാക്റ്റർമാർ, ഉടമസ്ഥർ, ഡവലപ്പർമാർ, നിക്ഷേപകർ തുടങ്ങീ നിരവധി ഉപഭോക്താക്കൾക്ക് അവരുടെ സമയലാഭവും പ്രവർത്തനക്ഷമതയും ഉറപ്പുവരുത്തുന്നതിലൂടെ തികച്ചും സന്തോഷപ്രദമായ സംവിധാനമാണ് ശൈഖ് മുഹമ്മദിന്റെ ഈ ദർശനത്തിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് ദുബൈ മുനിസിപ്പാലിറ്റി ഓഫ് എൻജിനീയറിങ് ആൻഡ് പ്ലാനിംങ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ദാവൂദ് അബ്ദുൾ റഹ്മാൻ അൽ ഹജ്രി അഭിപ്രായപ്പെട്ടു.