ക്യാമറക്കണ്ണുകളിൽ പതിയാതിരുന്ന നിലവിളി

കുരുന്നുകളുടെ കളിയും ചിരിയുമായ് ആഹ്ലാദാരവം ഉയരേണ്ട പാർക്കിൽ നിന്നും കേട്ടത് പ്രാണൻ പോകുമ്പോഴുണ്ടാകുന്ന ആർത്ത സ്വരമായിരുന്നു. തന്റെ ശരീരത്തിൽ നിന്നും ജീവൻ വേർപെടുമ്പോഴുണ്ടാകുന്ന വേദനയിൽ ഒരു പതിമൂന്ന്കാരിയുടെ കരച്ചിൽ.

ആ കൗമാരക്കാരിയുടെ പ്രാണവേദനാരവത്തേക്കാളേറെ ഉച്ചത്തിൽ ഉയർന്നത് ക്യാമറകളുടെ തുരുതുരാ മിന്നുന്ന ശബ്ദമായിരുന്നു. രക്തത്തിൽ കുളിച്ച് കിടക്കുന്ന കൗമാരക്കാരിക്ക് ചുറ്റും നിന്നവരിൽ ആരും കുട്ടിയെ രക്ഷിക്കാൻ തുനിഞ്ഞില്ല എന്നതാണ് ഏറെ സങ്കടകരം. ദുരന്തം പോലും സമൂഹ മാധ്യമങ്ങളിൽ ആഘോഷമായ് മാറ്റിയെടുക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം മനുഷ്യർക്കിടയിൽ നിന്നാണ് പ്രിയഗൗഡ എന്ന കൗമാരക്കാരി മരണത്തിന്റെ ലോകത്തേക്ക് യാത്രയായത്.

ബംഗളൂരുവിലെ ബി.ബി.എം.പി ചിൽഡ്രൻസ് പാർക്കിലായിരുന്നു സംഭവം. പാർക്കിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ അതു സംബന്ധിച്ച സൂചനാബോർഡുകളോ നിർദേശങ്ങളോ സന്ദർശകർക്കു നൽകാൻ പാർക്ക് അധികൃതർ ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ടാണ് തങ്ങൾക്ക് മകളെ നഷ്ടപ്പെട്ടതെന്നാണ് പ്രിയയുടെ ബന്ധുക്കളുടെ ആരോപണം. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ സുബ്രഹ്മണ്യ ഗൗഡയുടെയും വീട്ടമ്മയായ വിജയകുമാരിയുടെയും മകളാണ് പ്രിയ.

മഹാദേവപുരത്തെ സ്വകാര്യ സ്കൂളിലെ 8–ാംക്ലാസ് വിദ്യാർഥിനിയായ പ്രിയ ശനിയാഴ്ച കൂട്ടുകാരോടൊപ്പം പാർക്കിലെത്തുകയായിരുന്നു. പാർക്കിൽ കളിക്കുന്നതിനിടെ തലയിൽ ഇരുമ്പ്ദണ്ഡ് വീണ് അബോധാവസ്ഥയിലായ പ്രിയ ഇരുപത് മിനിറ്റോളം രക്തം വാർന്ന് പാർക്കിൽ കിടക്കുകയായിരുന്നു. എന്നാൽ മനസ്സാക്ഷിയെ മരവിപ്പിച്ച് ചുറ്റും കൂടി നിന്നവർ ഓരോരുത്തരും കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്താതെ ദുരന്ത ചിത്രങ്ങൾ ഫോണിൽ പകർത്തിയെടുക്കുന്നതിന്റെ തിരക്കിലായിരുന്നു എന്നാണ് സംഭവ സ്ഥലത്ത് നിന്നും ലഭിച്ച വിവരങ്ങൾ.