മകനെ നഷ്ടപ്പെട്ട പിതാവിന്റെ വാക്കുകൾ കേൾക്കുക

രാജ്യത്ത് അതിവേഗത്തില്‍ പറക്കുന്ന സൂപ്പര്‍ ബൈക്കുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി മകനെ നഷ്ടപ്പെട്ട പിതാവ് രംഗത്ത്. തിങ്കളാഴ്ച വൈകുന്നേരം മധ്യ ദില്ലിയിലുണ്ടായ ബൈക്ക് അപകടത്തില്‍ കൊല്ലപ്പെട്ട വിവേക് വിഹാര്‍ സ്വദേശി ഹിമാന്‍ഷു ബന്‍സാലിന്റെ പിതാവും ബിസിനസുകാരനുമായ സുരേഷ് ബന്‍സാലാണ് പറക്കും ബൈക്കുകള്‍ക്കെതിരെ രംഗത്ത് വന്നത്. 150 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്ക് പറപ്പിക്കുന്നതിനിടെയാണ് ഹിമാന്‍ഷു അപകടത്തില്‍പ്പെട്ടത്. കാല്‍നടയാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഹിമാന്‍ഷുവിന്റെ ബൈക്ക് തെന്നിമറിയുകയും ഹിമാന്‍ഷു തെറിച്ചുവീഴുകയുമായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. മാന്‍ഡി ഹൗസ് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം.

പാർട്ടിയിൽ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. ആഡംബര ബൈക്കായ ബെനലി ടിഎന്‍ടി 600 i ല്‍ ആയിരുന്നു ഹിമാന്‍ഷു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടു സുഹൃത്തുക്കളും സൂപ്പര്‍ബൈക്കുകളിലായിരുന്നു. മൂന്നുപേരും ബൈക്ക് റെയ്സിംഗ് നടത്തുകയായിരുന്നുവെന്നും ഏറ്റവും വേഗതത്തിൽ ഹിമാന്‍ഷുവായിരുന്നു മുന്നിൽ. കാൽ നടയാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് തെന്നി മറിയുകയായിരുന്നുവെന്നായിരുന്നു കൂട്ടുകാരുടെ മൊഴി. കാൽ നടയാത്രക്കാരന് പരിക്കേറ്റിരുന്നു. രണ്ട് പേരെയും ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഹിമാൻഷുവിനെ രക്ഷിക്കാനായില്ല.

മകന്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് മരണം വിതയ്ക്കുന്ന സൂപ്പര്‍ബൈക്കുകളെക്കുറിച്ച്‌ വിലപിച്ച സുരേഷ് ബന്‍സാല്‍ ഏതുനിമിഷവും ഇത്തരം ഒരു അപകടത്തെക്കുറിച്ച്‌ താന്‍ ഭയപ്പെട്ടിരുന്നതായി പറഞ്ഞു. മകന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് എട്ടുമാസം മുന്‍പാണ് താന്‍ ബെനലി ടിഎന്‍ടി 600i വാങ്ങി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സൂപ്പര്‍ബൈക്കുകള്‍ പറത്താന്‍ പര്യാപ്തമല്ല നമ്മുടെ രാജ്യത്തെ റോഡുകള്‍. വികസിതരാജ്യങ്ങളിലെ ഉന്നതനിലവാരം പുലര്‍ത്തുന്ന റോഡുകളില്‍ മാത്രമേ ഇത്തരം ബൈക്കുകള്‍ അപകടരഹിതമായി ഓടിക്കാന്‍ കഴിയൂ. അതിനാല്‍ ഇത്തരം പറക്കും ബൈക്കുകള്‍ക്ക് ഇവിടെ അനുമതി നല്‍കരുതെന്നാണ് തനിക്ക് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് സുരേഷ് ബന്‍സാല്‍ പറഞ്ഞു.