ഇത് നിങ്ങൾ വായിച്ചാലും വായിച്ചില്ലെങ്കിലും ഒന്നും നഷ്ടപ്പെടാനില്ല, മറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിക്കുക

നിങ്ങൾ വീട്ടിൽ നിന്ന് വെളിയിൽ പോകുമ്പോൾ, സുഹൃത്തുക്കളുടെ കൂടെ കറങ്ങുമ്പോൾ, പാർട്ടിയിൽ പങ്കെടുക്കുമ്പോൾ കാമുകിയുടെയോ /കാമുകന്റെയോ കൂടെ നടക്കുമ്പോൾ നിങ്ങളുടെ അമ്മയോ അച്ഛനോ സഹോദരങ്ങളോ വിളിക്കുമ്പോൾ ഫോണ്‍ എടുക്കാറുണ്ടോ??
എടുത്താൽ തന്നെ അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് സന്തോഷത്തോടെ മറുപടി നൽകാറുണ്ടോ??

1. മോനെ/മോളേ, നീ അവിടെ എത്തിയോ?
2. എത്രമണിക്കാണ്/എപ്പോഴാണ് തിരിച്ചു വരിക.???
3. വല്ലതും കഴിച്ചോ ?
4. ശ്രദ്ദിച്ചു നടക്കണേ.
5. വൈകിയാൽ വിളിച്ചു പറയണേ.
6 .ആരൊക്കെയാണ് കൂടെയുള്ളത്.
7 .എങ്ങനെയാണ് പോകുന്നത്.
8 .കാശൊക്കെ കയ്യിലുണ്ടല്ലോ അല്ലെ/കാശൊക്കെ ശ്രദ്ധിച്ചോണേ.
9 .ബീച്ചിലും വെള്ളത്തിലൊന്നും പോയി കളിക്കല്ലേ.
10 .എത്തിയാൽ തിരിച്ചു വിളിക്കണേ.

ഇതുപോലുള്ള ചോദ്യങ്ങളെല്ലാം പുച്ഛത്തോടെ കേട്ട് ലാഘവത്തോടെ ഫോണ്‍ കട്ട് ചെയ്ത് സയലന്റ് മോടിലോ സ്വിച്ച് ഓഫോ ചെയ്തു വയ്ക്കും. എന്നിട്ടോ, വീട്ടിൽ നിന്നിറങ്ങിയാലും സമാധാനം തരില്ലെന്നോരാത്മഗതവും.

വേലയില്ലാ പട്ടദാരി എന്ന സിനിമയിലെ രംഗമാണോർമ്മ വരുന്നത്.

ധനുഷ് അമ്മയോട് വഴക്കടിച്ചു കാമുകി അമലാ പോളുമൊത്ത് കറങ്ങുന്നതിനിടയിൽ അമ്മയുടെ കോൾ പല തവണ വരുന്നുണ്ട്. ഓരോ തവണയും അമ്മയെ ശപിച്ചു കോൾ കട്ട് ചെയ്തു. കാമുകി പലതവണ പറയുന്നുമുണ്ട് ഫോണ്‍ എടുത്ത് സംസാരിക്കാൻ. ഇതൊന്നും കേൾക്കാതെ കറങ്ങി നടന്ന് ഒടുവിൽ വീട്ടിലെത്തുമ്പോൾ മൃദ പ്രായയായ അമ്മയുടെ ശരീരമാണ് കാണുന്നത്. ഒരേയൊരു തവണ ഫോണ്‍ എടുത്തിരുന്നെങ്കിൽ ??

ഇത് ഫെയ്‌സ്ബുക്കിൽ തന്നെ വായിച്ചു പോയ ഒരു കഥയാണ് (എഴുതിയ ആളുടെ പേരോർമ്മയില്ല).

പുറത്ത് കൂട്ടുകാരുമൊത്ത് പാർട്ടിക്ക് പോയ മകനെ അച്ഛനും അമ്മയും മാറി മാറി വിളിച്ചു കൊണ്ടിരുന്നു. പാർട്ടി നടക്കുമ്പോൾ ശല്യമായത് കൊണ്ട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വച്ചു. പാർട്ടിയെല്ലാം കഴിഞ്ഞ് ബൈക്കിൽ തിരിച്ച് വരുമ്പോൾ വീടിനടുത്തുള്ള റോഡിലെ കേബിൾ കുഴിയിൽ വീണ് കാലിന് മുറിവ് പറ്റി. ഇരുട്ടിൽ എങ്ങനെയൊക്കെയോ തപ്പിപ്പിടിച്ചെഴുന്നേറ്റു വീട്ടിൽ എത്തിയപ്പോൾ നീറുന്ന വേദന. അമ്മ ആകെ സങ്കടത്തിലും, “എത്ര നേരമായി മോനെ നിന്നെ ഞാനും അച്ഛനും മാറി മാറി വിളിക്കുന്നു, നീയെന്താ ഫോണ്‍ എടുക്കാതിരുന്നത്. നിൻറെ അച്ഛൻ എത്ര നേരമായി നിന്നെ കാത്ത് കേബിൾ കുഴി എടുത്ത് വെച്ച റോഡിനടുത്ത് ടോർച്ചും പിടിച്ച് കാത്തിരിക്കുന്നു. നീ വരുന്നതിന് തൊട്ടു മുൻപാണ് കാത്തിരുന്ന് മുഷിഞ്ഞ അച്ഛൻ കയറി വന്നത്. നീ വല്ലതും കഴിച്ചോടാ…”
വിശപ്പില്ലാഞ്ഞിട്ടും അമ്മ വിളമ്പി കൊടുത്ത ആഹാരം അവൻ നിറഞ്ഞ മനസ്സോടെ കഴിച്ചു.

ഈ രണ്ടു കഥയിലും ഞാൻ ആദ്യം ഉന്നയിച്ച ചോദ്യങ്ങളുടെ ഏക തുകയാണെന്നു പറയാം.

“Respect & Love your parents”

ഫോട്ടോ കടപ്പാട് : ഗൂഗിൾ

©മോഹൻദാസ്‌ വയലാംകുഴി