അൻവർ എംഎൽഎയുടെ കൂടരഞ്ഞിയിലെ വാട്ടർ തീം പാർക്ക് നിയമാനുസൃതമായാണ് പ്രവർത്തിക്കുന്നതെന്ന് കൂടരഞ്ഞി പഞ്ചായത്ത്

നിലമ്പൂർ : പി.വി അൻവർ എംഎൽഎയുടെ കൂടരഞ്ഞിയിലെ വാട്ടർ തീം പാർക്ക് നിയമാനുസൃതമായാണ് പ്രവർത്തിക്കുന്നതെന്ന് കൂടരഞ്ഞി പഞ്ചായത്ത്. ചട്ടലംഘനങ്ങൾ ഉള്ളതായി കണ്ടെത്താനായിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. രേഖകൾ സംബന്ധിച്ച് കൂടുതൽ പരിശോധനയ്ക്ക് മൂന്നംഗസമിതിയെ നിയമിക്കുകയും ചെയ്തു.

എട്ടുമാസം മുന്‍പ് ചെക്ക് ഡാം പൊളിക്കാന്‍ മുന്‍ ജില്ലാ കലക്റ്റര്‍ ടി. ഭാസ്‌കരന്‍ നല്‍കിയ ഉത്തരവ് സാങ്കേതിക ശേഷിയില്ലെന്ന് പറഞ്ഞ് പിഡബ്ല്യൂഡി അധികൃതര്‍ വൈകിപ്പിക്കുകയായിരുന്നെന്നാണ് പരാതിയുണ്ടായിരുന്നു. ഇതോടെയാണ് ഡാം പൊളിക്കാനുള്ള ചുമതല ഇറിഗേഷന്‍ ഡിപ്പാര്‍മെന്റിനെ ഏല്‍പ്പിച്ചത്. അന്‍വര്‍ അനധികൃതമായി നിര്‍മിച്ച അമ്യൂസ്‌മെന്റ് പാര്‍ക്ക് വിവാദമായതിനിടെയാണ് കലക്റ്ററുടെ ഉത്തരവ് പുറത്ത് വരുന്നത്.

പാര്‍ക്കിന് എല്ലാവിധ അനുമതിയുമുണ്ടെന്ന് നിലമ്പൂര്‍ എംഎല്‍എ വാര്‍ത്താ സമ്മേളനം നടത്തി നേരത്തെ വ്യക്തമാക്കിയിരുന്നു. മുരുകേശ് നരേന്ദ്രന്‍ എന്ന വ്യക്തിക്കുളള വ്യക്തിവിരോധമാണ് ഇതിന് പിന്നിലെന്നും പിവി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

മുരുകേശിന് എല്ലാ വിധ സഹായങ്ങളും കൊടുക്കുന്നതും പിന്നില്‍ അണിനിരക്കുന്നതും യുഡിഎഫ് ക്യാംപാണ്. കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദും ഷൗക്കത്തും ഇതിന് പിന്തുണ നല്‍കുന്നുണ്ട്. മുരുകേശിന്റെയും ബന്ധുക്കളുടെയും എസ്റ്റേറ്റ് തര്‍ക്കത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് തനിക്കെതിരെ നീക്കങ്ങളുണ്ടായതെന്നും അദ്ദേഹം ആരോപിക്കുകയും ചെയ്തു.