യൂസഫലി പറന്നിറങ്ങി കാസർഗോഡിന്റെ ഹൃദയത്തിലേക്ക്

പടന്നക്കാട്: ലോകത്തിലെ ബിസിനസ് പ്രമുഖനും ലുലു ഗ്രൂപ്പ് തലവനുമായ യൂസഫലി വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍ഗോഡ് എത്തി. പ്രസ്സ് സെക്രട്ടറിയായ നീലേശ്വരം സ്വദേശി ബിജു കൊട്ടാരത്തിലിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. യൂസഫലി സ്വന്തം ഹെലികോപ്ടറിൽ പടന്നക്കാട് നെഹ്‌റു കോളേജ് മൈതാനിയില്‍ ഇറങ്ങുകയായിരുന്നു. നഗരസഭ ചെയര്‍മാന്‍ വി വി രമേശന്റെ നേതൃത്വത്തില്‍ വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

ഹെലികോപ്റ്ററില്‍ നിന്നും ഇറങ്ങിയ ശേഷം അദ്ദേഹം ജനക്കൂട്ടത്തിന് നേരെ കൈവീശി സുഖവിവരങ്ങള്‍ അന്വേഷിച്ചു. ബൊക്കയുമായി സ്വീകരിച്ച ചെയര്‍മാനോടും സംഘത്തോടും വിശേഷങ്ങളും വികസനകാര്യങ്ങളും ചോദിച്ചറിഞ്ഞു. ഉദ്യോഗസ്ഥരോട് സ്ത്രീകളെ മുന്നോട്ട് കയറ്റിവിടാൻ ആവശ്യപ്പെട്ട് വിവരങ്ങൾ ചോദിച്ചു.

നെഹ്‌റു കോളേജ് മാനേജര്‍ രാമനാഥനെ പരിചയപ്പെട്ടത്തിന് ശേഷം സംഭാഷണം പഴയ കഥകളിലേക്ക് നീങ്ങി. ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ സൗകര്യം ഒരുക്കിയതിന് പ്രത്യേകം നന്ദിയും അറിയിച്ചതിന് ശേഷം അദ്ദേഹം ബിജുവിന്റെ വീട്ടിലെത്തി. ബന്ധുക്കളുടെയും കുട്ടികളെയും കൂടെ ഫോട്ടോക്ക് പോസ് ചെയ്യുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. വീട്ടില്‍ നിന്ന് മധുരവും പ്രസാദവും കഴിച്ച് 12.40 ന് അദ്ദേഹം തിരിച്ചുപോകുകയും ചെയ്തു.