ഒരു നിമിഷത്തെ അശ്രദ്ധ പൊലിഞ്ഞത്‌ 23 ജീവനുകൾ

ലക്നൗ(www.big14me.com): ഒ​രു​വര്‍​ഷ​ത്തി​നി​ടെ ഉ​ത്തര്‍​പ്ര​ദേ​ശില്‍ ന​ട​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ റെ​യില്‍ അ​പ​ക​ട​മാ​ണ് ഇന്നലെ നടന്നത്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​പ​ക​ടം അ​ട്ടി​മ​റി​യാ​ണോ​യെ​ന്ന് പൊലീസ് സംശയിക്കുന്നുണ്ട്. റെയില്‍വേ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് മുസാഫര്‍ നഗര്‍ ട്രെയിനപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഖട്ടൗലിയിലാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകീട്ടാണ് പുരി-ഹരിദ്വാര്‍ ഉത്കല്‍ എക്സ്പ്രസിന്റെ 14 ബോഗികള്‍ മുസാഫര്‍ നഗറില്‍ വെച്ച്‌ പാളം തെറ്റിയത്. അപകടത്തില്‍ ഇതുവരെ 23 പേര്‍ മരിച്ചെന്നും, 70ലേറെ പേര്‍ക്ക് പരിക്കേറ്റെന്നുമാണ് റെയില്‍വേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

റെയില്‍വേ ജീവനക്കാര്‍ വേണ്ടത്ര മുന്‍കരുതലില്ലാതെ ട്രാക്കില്‍ അറ്റകുറ്റപ്പണിയിലേര്‍പ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് സ്ഥലത്തെത്തിയ റെയില്‍വേ എന്‍ജിനീയറിങ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പ​രി​ക്കേ​റ്റ​വര്‍​ക്കു ചി​കി​ത്സ നല്‍​കാ​നു​ള്ള സൗ​ക​ര്യ​ങ്ങള്‍ പ്ര​ദേ​ശ​ത്ത് കു​റ​വാ​യ​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു. ഖതൗലിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്കുള്ള സൗകര്യം മാത്രം ലഭ്യമായതിനാല്‍ ഗുരുതരമായി പരുക്കേറ്റവരെ സമീപത്തെ മറ്റ് ആശുപത്രികളിലാണു പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 3.5 ലക്ഷം രൂപയും ഗുരുതര പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ചെറിയ പരുക്കുള്ളവര്‍ക്കു 25,000 രൂപയും റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചു.