മാറാല പിടിക്കുന്ന കൊച്ചി മെട്രോ

കൊച്ചി : കേരളത്തിൻറെ അഭിമാനവുമായി കേരളീയർ വാഴ്ത്തിപാടുന കൊച്ചി മെട്രോ ഇപ്പോൾ ആളില്ലാതെ ഓടേണ്ട അവസ്ഥയിൽ ആണ്. മഴയും വെയിലും കൊള്ളാതെ ബൈക്ക് യാത്രാക്കാർക് വീടുകളിലും ഓഫീസുകളിലും എത്താനുള്ള തണൽ മരമായി മാറിയിരിക്കുന്നു കൊച്ചിയുടെ സ്വന്തം മെട്രോ. ഇന്ത്യയിലെ മറ്റു മെട്രോകളെ വെച്ച് താരതമ്യം ചെയുമ്പോൾ ചുരുങ്ങിയ സമയം കൊണ്ട് പണി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുത്ത മെട്രോകളിൽ ഏറ്റവും മുന്നിലാണ് നമ്മുടെ കൊച്ചി മെട്രോയുടെ സ്ഥാനം. 2012ൽ മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിങ്ങ് തറക്കലിട്ട് 2013 ജൂണോടു കൂടി കൊച്ചി മെട്രോയുടെ പണി ആരംഭിക്കുകയും 2017 ജൂൺ 17 മുതൽ ജനങ്ങൾക്കായി തുറന്നു കൊടുക്കുകയും ചെയ്തു .

ഇവിടെവരെ വളരെ സന്തോഷം ഉളവാക്കുന്ന കാര്യങ്ങൾ തന്നെ, പക്ഷെ ഇപ്പോൾ ഈ മെട്രോയിൽ ജനങ്ങൾ കേറണമെങ്കിൽ ജനങ്ങൾക്ക് അങ്ങോട്ട് പൈസ കൊടുക്കേണ്ട അവസ്ഥയാണ്. ആലുവ മുതൽ പാലാരിവട്ടം വരെ ആണ് ആദ്യഘട്ടമെന്ന നിലയിൽ മെട്രോ ഓടിത്തുടങ്ങിയത്. ആലുവ മുതൽ പാലാരിവട്ടം വരെ ഒരു ഒരു യാത്രക്കാരന് മെട്രോ ഈടാക്കുന്ന ചാർജ് കേട്ടാൽ ഏതൊരു മലയാളിയും വാ പൊളിച്ച് പോവും. കാരണം മറ്റൊന്നുമല്ല സാധാരണ ഒരു യാത്രക്കാരൻ ആലുവ മുതൽ പാലാരിവട്ടം വരെ ബസ്സിൽ പോവുമ്പോൾ വെറും 13 രൂപയേ വരുകയുള്ളു ഇത് മെട്രോയിൽ ആണെങ്കിൽ വരുന്ന ചാർജ് 40 രൂപയാണ്.

സാധാരണകാരൻറെ യാത്ര സൗകര്യത്തിനു വേണ്ടി തുടങ്ങിയ മെട്രോ ഇപ്പോൾ സാധാരണക്കാരന് ഒരു പേടിസ്വപ്നം ആയിരിക്കുകയാണ്. കഴിഞ്ഞ ഒരു 4 വർഷത്തിൽ കൊച്ചിക്കാർ അനുഭവിച്ച ട്രാഫിക് ബ്ലോക്കും അതോടനുബന്ധിച്ച മറ്റു പ്രശ്നങ്ങൾക്കും വലിയ ഒരു പരിഹാരം ആവും എന്ന് വിചാരിച്ച മെട്രോ തന്നെ ഇപ്പോൾ തിരിഞ്ഞു കൊത്തിയിരിക്കുകയാണ്.

മെട്രോ ആദ്യഘട്ടം ഓടിത്തുടങ്ങിയപ്പോൾ കേരളം ഒന്നാകെ ഞെട്ടിയ ഒരു കാര്യമാണ് അതിലെ യാത്രക്കാരുടെ എണ്ണം, ബീവറേജിന്‌ മുന്നിൽ പോലും കാണാത്ത ക്യൂ ആയിരുന്നു നമ്മൾ കൊച്ചി മെട്രോയുടെ ഓരോ സ്റ്റേഷനിലും കണ്ടത്, എന്നിരുന്നാലും ഇന്നതിനൊരു വലിയ മാറ്റം ഉണ്ടായിരിക്കുന്നു ആളില്ലാതെ കാലി അടിച്ച ആലുവ മുതൽ പാലാരിവട്ടം വരെയും അവിടുന്നു തിരിച്ചും പോകേണ്ട അവസ്ഥയാണ്. ഇപ്പോൾ കൊച്ചി മെട്രോയുടെ യാത്രക്കാർ മറ്റു ജില്ലകളിൽ നിന്ന് വിനോദയാത്രക്ക് വരുന്നവരോ അല്ലെങ്കിൽ സോഷ്യൽ മീഡിയകളിൽ ഫോട്ടോ പോസ്റ്റ് ചെയാൻ വേണ്ടി സെൽഫി എടുക്കാൻ കയറുന്നവരോ മാത്രം.

കൊച്ചിയെ കൊടും ബ്ലോക്കിൽ നിന്നും രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ വന്ന കൊച്ചി മെട്രോ ഇപ്പോൾ കൊച്ചികാരെ കൂടുതൽ ബ്ലോക്കുകളിലേക്ക് തള്ളിയിടുകയാണ് ചെയുന്നത്. ഇതിൻറെ മറ്റൊരു രസം മെട്രോ പോകുന്ന പാളം ടാർ ചെയ്‌താൽ ചിലപ്പോൾ കൊച്ചിക്ക് നല്ലൊരു ഫ്‌ളൈഓവർ ആവുകയും അത് ഈ നഗരത്തെ ബ്ലോക്കിൽ നിന്നും രക്ഷിക്കുകയും ചെയ്തേനെ.

ഒരുപക്ഷെ ഈ പ്രതിസന്ധി മാറുമായിരിക്കാം കൊച്ചി മെട്രോ ആലുവ മുതൽ എം ജി റോഡ് വരെയോ അല്ലെങ്കിൽ വൈറ്റില വരെയോ എത്തുമ്പോൾ.

രണ്ടാം ഘട്ടം ഉടനെ പൂർത്തിയാക്കി ജനങ്ങൾക്കായി തുറന്നു കൊടുക്കും എന്നാണ് സി എം ആർ എൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതുവരെ നമുക്ക് കാത്തിരിക്കാം, ചിലപ്പോൾ ഇതിനൊക്കെ ഒരു മാറ്റം ഉണ്ടായേക്കാം.

ഇനിയെങ്കിലും മെട്രോയുടെ ഈ പ്രതിസന്ധി തലപ്പത്തിരിക്കുന്നവർ മനസിലാക്കി 4 ഇരട്ടി വാങ്ങുന്ന ചാർജ് ഒന്ന് കുറച്ചാൽ ചിലപ്പോൾ സാധാരണക്കാരായ നഗരവാസികൾക് ഈ മെട്രോ ഒരു ഉപകാരമാകുമെന്ന് പ്രതീക്ഷിക്കാം.

ലെനിൻ ജോണി കൊട്ടാരത്തിൽ