അൽ അൻസാരി എക്സ്ചേഞ്ച് ‘മില്ലേനിയർ പുരസ്‌കാരം 2017’ ഫിലിപ്പൈൻ സ്വദേശിക്ക്.

ദുബൈ: യുഎഇയിലെ പ്രമുഖ പണമിടപാട് സ്ഥാപനമായ അൽ അൻസാരി എക്സ്ചേഞ്ച് ഏർപ്പെടുത്തിയ ‘മില്ലേനിയർ പുരസ്‌കാരം 2017’ ഫിലിപ്പൈൻ സ്വദേശിക്ക്. ദുബൈയിലെ ഒരു നിർമ്മാണക്കന്പനിയിൽ ജോലിക്കാരനായ ഫിലിപ്പൈൻ സ്വദേശി- അൽ ഡിസോൺ ബെൻസിൽ ആണ് പ്രതിവർഷം സമ്മർ പ്രമോഷന്റെ ഭാഗമായി നടത്തിവരുന്ന ഒരു മില്ല്യൺ ദിർഹം പുരസ്‌കാരം സ്വന്തമാക്കിയത്. ബുധനാഴ്ച ദുബൈയിൽ നടന്ന പ്രത്യേക ചടങ്ങിൽ രണ്ടു ഇന്ത്യക്കാരുൾപ്പെടെയുള്ള എട്ടു പേരിൽ നിന്നാണ് അന്തിമ വിജയിയെ നറുക്കെടുത്തത്. സിംബാബ്‌വെ, യുഎഇ, ബംഗ്ലാദേശ്, സൗദി, ഈജിപ്ത്, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യക്കാരായിരുന്നു നറുക്കെടുപ്പിൽ പങ്കെടുത്ത മറ്റു മത്സരാർത്ഥികൾ. പതിനായിരം ദിർഹം വീതമുള്ള പ്രത്യേക സമ്മാനം ഇവർക്ക് നൽകപ്പെട്ടു. ജൂൺ 15 മുതൽ ഓഗസ്റ്റ് 14 വരെ പണമിടപാട് നടത്തുന്നവരിൽനിന്നും നറുക്കെടുപ്പിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്.

അൽ അൻസാരി എക്സ്ചേഞ്ച് വർഷംതോറും സംഘടിപ്പിക്കുന്ന സമ്മർ പ്രമോഷനിലൂടെ വിജയിയാകുന്ന നാലാമാത്തെ കോടീശരൻ ആണ് ബെൻസിൽ. 3,677 ദിർഹം നാട്ടിലേക്ക് അയച്ചപ്പോൾ ലഭിച്ച കൂപ്പൺ ആണ് ബെൻസിലിനെ നറുക്കെടുപ്പിലെത്തിച്ചത്. നാൻഹക് യാദവ് എന്ന ഇന്ത്യക്കാരനാണ് കഴിഞ്ഞ തവണ മറ്റു ഒൻപതു പേരെ പിന്തള്ളി മില്ലേനിയർ പുരസ്‌ക്കാരത്തിന് അർഹനായത്. ഈ മഹത്തായ വിജയത്തിന് അവസരം ഒരുക്കിയ സ്ഥാപനത്തിന് നന്ദി പ്രകടിപ്പിക്കുന്നതോടൊപ്പം തന്റെ നിരവധി സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കാൻ ഇതുമൂലം സാധിക്കുമെന്ന പ്രതീക്ഷയും ബെൻസിൽ വ്യക്തമാക്കി. വിജയിയായ ബെൻസിലിനെ അഭിനന്ദിക്കുന്നതോടൊപ്പം ഒരു ധനവിനിമയ സ്ഥാപനം സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സമ്മാനത്തുക എന്ന നിലയിൽ ഇതുവരെയുള്ള വിജയികളുടെ ജീവിതത്തിൽ ഒരു സുപ്രധാന പങ്ക് വഹിക്കാൻ അൽ അൻസാരി എക്സ്ചേഞ്ചിന് സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ റാഷിദ് അലി അൻസാരി അറിയിച്ചു. ഉപഭോക്താക്കളിൽ നിന്നും ഇത്തരമൊരു പദ്ധതിക്ക് ലഭിച്ച വൻ സ്വീകാര്യത വരും വർഷങ്ങളിലും ഇത്തരം മത്സര പരിപാടികൾ സംഘടിപ്പിക്കാൻ തങ്ങളെ പ്രേരിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.