സ്ത്രീ പീഡന കേസ് : ആൾദൈവത്തിനെതിരെ വിധിപറയാൻ സിബിഐ കോടതി

സ്വയം ആള്‍ദൈവം ചമഞ്ഞു നടക്കുന്ന ഗുര്‍മീത് റാം റഹീം സിങിനെതിരായ സ്ത്രീ പീഡനക്കേസില്‍ സിബിഐ കോടതി ഇന്ന് വിധി പറയും. അക്രമ സംഭവങ്ങള്‍ക്ക് സാധ്യത കണക്കിലെടുത്ത് ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. ഗുര്‍മീതിന്‍റെ ഒന്നര ലക്ഷത്തിലധികം വരുന്ന അനുയായികള്‍ ഇന്ന് രാവിലെ മുതൽ കോടതി പരിസരത്തും മറ്റും തമ്പടിച്ചിരിക്കുകയാണ്.

ദേരാ സച്ച സൗദ സംഘടനയുടെ സ്ഥാപകനും ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ് ആശ്രമത്തിലെ അന്തേവാസികളായിരുന്ന രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസിലാണ് ചണ്ഢീഗഡ് സിബിഐ കോടതി ഇന്ന് വിധി പറയാനിരുന്നത്. സംഭവം നടന്ന് പതിനഞ്ച് വര്‍ഷത്തിനു ശേഷമാണ് വിധി. സിബിഐ കോടതി സ്ഥിതി ചെയ്യുന്ന ചണ്ഢീഗഡിലെ പഞ്ചകുലയ്ക്ക് സമീപത്ത് ഗുര്‍മീതിന്‍റെ ഒന്നര ലക്ഷത്തോളം വരുന്ന അനുയായികള്‍ തമ്പടിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും പൊലീസിനും പുറമേ ബി.എസ്.എഫിനെയും പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിളിലേയും ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. തീവണ്ടി, ബസ് സര്‍വ്വീസുകള്‍ താൽക്കാലികമായി നിര്‍ത്തി വച്ചു. നടപടികള്‍ സ്വീകരിക്കാന്‍ വൈകിയതില്‍ ഹൈക്കോടതി ഇരുസംസ്ഥാനങ്ങളെയും കടുത്ത ഭാഷയിൽ വിമര്‍ശിക്കുകയും ചെയ്തു. അതേസമയം കോടതി നിര്‍ദ്ദേശിച്ചതുകൊണ്ട് ഇന്ന് കോടതിയിലെത്തുമെന്ന് ഗുര്‍മീത് റാം അറിയിച്ചിട്ടുണ്ട്.

ഗുര്‍മീത് റാം റഹീം സിങ്ങെന്ന ആൾ ദൈവം സംവിധായകനും, നടനും, പാട്ടുകാരനുമാണ്. ആറ് ആൽബങ്ങളിലും അഞ്ച് സിനിമകളിലും പാടിയിട്ടുണ്ട്. അഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബഹുമുഖ പ്രതിഭയായ ഗുർമീത് റാം തൻറെ സംഘടന വഴി ട്രാൻസ്ജെൻഡർ, ലൈംഗീക തൊഴിലാളികൾ എന്നിവരെ പുനരധിവസിപ്പിക്കയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.