സ്വകാര്യത, ഹിറ്റ്ലര്‍ തന്ത്രങ്ങള്‍ പുനരാവിഷ്‌കരിക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തിനേറ്റ തിരിച്ചടി; ചെന്നിത്തല

സ്വകാര്യത മൗലിക അവകാശമാക്കിയ സുപ്രീം കോടതി വിധി കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹിറ്റ്ലര്‍ തന്ത്രങ്ങള്‍ പുനരാവിഷ്‌കരിക്കാനുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഗൂഢ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

”ജനങ്ങളുടെ സ്വകാര്യതയില്‍ കടന്നുകയറി അവരുടെ മേല്‍ സര്‍വാധിപത്യം സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢ ലക്ഷ്യം തകര്‍ത്തെറിയുന്നതാണ് സുപ്രീം കോടതിയുടെ ഒന്‍പത് അംഗ ഭരണഘടനാ ബെഞ്ചിന്റെ സ്വകാര്യത മൗലിക അവകാശമാക്കി പ്രഖ്യാപിച്ച വിധി. ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതിയായിരുന്ന ഹിറ്റ്ലര്‍ ജങ്ങളുടെമേല്‍ സര്‍വാധിപത്യം സ്ഥാപിക്കാന്‍ അവലംബിച്ച തന്ത്രമായിരുന്നു സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം. തന്നെ എതിര്‍ക്കുന്നവരെ ഇരുമ്പഴികള്‍ക്കുളിലാക്കാന്‍ ഹിറ്റ്ലര്‍ ആവിഷ്‌കരിച്ച മാര്‍ഗമായിരുന്നു വ്യക്തികളുടെ സ്വകാര്യതയിലേക്ക് സര്‍ക്കാരിന് കടന്നുകയറാന്‍ അവകാശം നല്‍കുന്ന 1933 ലെ നിയമം. ഹിറ്റ്ലര്‍ തന്ത്രങ്ങള്‍ പുനരാവിഷ്‌കരിക്കാനുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഗൂഢ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി.

ആധാറുമായി ബന്ധപ്പെട്ട വാദം നടക്കുന്ന വേളയില്‍ സ്വകാര്യത മൗലിക അവകാശമാണോ എന്ന ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ നിലപാടറിയിച്ച അന്നത്തെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി പറഞ്ഞത് ‘ രാജ്യത്തെ പൗരന്‍ മാര്‍ക്ക് സ്വന്തം ശരീരത്തില്‍ പോലും പൂര്‍ണമായ അവകാശം ഇല്ല’ എന്നാണ്. ഒരു വ്യക്തിയുടെ മേല്‍ സര്കാരുകള്‍ക്കു അവകാശമുണ്ട് എന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് രാജ്യത്തു ഇന്ന് നടക്കുന്ന ഫാസിസ്റ്റു നടപടികളുടെ പ്രതിഫലനം മാത്രമാണ്. ഒരു വ്യക്തി എന്ത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം , ഏതു ഭാഷ സംസാരിക്കണം എന്നത് സര്‍ക്കാര്‍ തീരുമാനിക്കും എന്ന സന്ദേശമാണ് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്.അതുകൊണ്ടു തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് സ്വകാര്യത മൗലിക അവകാശം ആക്കിയ സുപ്രീം കോടതി വിധി.

ജീവിക്കാനുള്ള അവകാശത്തോളം(Article 21) പ്രധാനമാണ് സ്വാകാര്യത എന്ന് കോടതിയുടെ വിധി നരേന്ദ്ര മോഡി ഭരിക്കുന്ന ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തിയുള്ളതാണ്.

സുപ്രീം കോടതിയുടെ വിധിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് കൊണ്ട് രാജ്യത്തെ ജനങ്ങളുടെ മേല്‍ കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന വര്‍ഗീയ ഫാസിസ്റ്റു നടപടികള്‍ അവസാനിപ്പിക്കാന്‍ തയ്യാറാവണം.”