ഉത്തരേന്ത്യയിലെ ആൾ ദൈവത്തിന് ദൈവത്തിൻറെ സ്വന്തം നാട്ടിൽ ഏക്കർ കണക്കിന് ഭൂമി

വയനാട്ടില്‍ 40 ഏക്കര്‍ ഭൂമി സ്വന്തമായുള്ള ആൾ ദൈവമാണ് റാം റഹിം. കരിമ്പൂച്ചകളുടെ സംരക്ഷണത്തിൽ പുഞ്ചിരിച്ചിരിക്കുന്ന സ്വാമി ഗുര്‍മീത് റാം റഹീം സിങ്. കേരളത്തില്‍ ആശ്രമം തുടങ്ങാനും അനുയായികളെ ഉണ്ടാക്കാനും ഇയാള്‍ നടത്തിയ ഓരോ നീക്കങ്ങളും പുറത്തുവരുന്നു.

ബലാല്‍സംഗ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് ദേര സച്ച സൗദ അധ്യക്ഷൻ ഗുരു ഗുര്‍മീത് റാം റഹീം സിങിൻറെ നീക്കങ്ങള്‍ ഓരോന്നായി പുറത്തുവരുന്നത്. കേരളത്തിലെ പ്രകൃതി ഭംഗി ഏറെ ഇഷ്ടപ്പെട്ട ഇയാള്‍ വയനാട്ടില്‍ വാങ്ങി കൂട്ടിയത് നാൽപ്പത് ഏക്കർ ഭൂമിയാണ്. ഇത് കൂടാതെ നിരവധി തവണ സ്വാമി കേരളത്തില്‍ വന്ന് പോയിട്ടുമുണ്ട്. ഇവിടെ പലപ്പോഴും എന്തിന് വന്നു എന്ന് പോലീസിന് പോലും അറിവുണ്ടായിരുന്നില്ല.

വൈത്തിരിയിലെ പ്രമുഖ റിസോര്‍ട്ടിനോട് ചേര്‍ന്നാണ് റാം റഹീമിൻറെ പേരില്‍ നാൽപ്പത് ഏക്കർ ഭൂമിയുള്ളത്. കേന്ദ്ര സർക്കാരിൻറെ ഇസെഡ് കാറ്റഗറി സുരക്ഷയുള്ള ഇദ്ദേഹത്തിൻറെ വയനാട്ടിലേക്കുള്ള വരവ് ആളുകള്‍ക്ക് കൗതുക കാഴ്ചയായിരുന്നു.

2012 ലാണ് കൊച്ചി സ്വദേശിയില്‍ നിന്നു സ്വാമി 13 കോടി രൂപയ്ക്ക് നാൽപ്പത് ഏക്കര്‍ ഭൂമി വാങ്ങിയത്. . റിസോര്‍ട്ട് തുടങ്ങുമെന്ന് പറഞ്ഞായിരുന്നു ഭൂമി കച്ചോടം നടന്നത്. റിസോര്‍ട്ട് നിര്‍മാണത്തിന് അപേക്ഷ നല്‍കിയ ഉടൻ തന്നെ വൈത്തിരി പഞ്ചായത്ത് ഭരണസമിതി അനുമതി നല്‍കിയത് വൻ വിവാദമായിരുന്നു. അനുമതി കിട്ടിയ ഉടനെ സ്ഥലത്തെ വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ചു കടത്താൻ ശ്രമിച്ചെങ്കിലും വനംവകുപ്പ് തടഞ്ഞു.

സംഭവം വിവാദമായതോടെ റിസോര്‍ട്ടിനുള്ള അനുമതി വൈത്തിരി പഞ്ചായത്ത് ഭരണസമിതി റദ്ദാക്കി. വയനാടിലെത്തുമ്പോള്‍ ചുണ്ടേലിലെ റിസോര്‍ട്ടിലാണ് സ്വാമി വയനാട്ടിൽ വന്നാൽ താമസിച്ചിരുന്നത്. ആ മേഖല മൊത്തം സ്വാമിയുടെ നിയന്ത്രണത്തിലാകുന്ന ദിവസമാണ് അത്. ആൾ ദൈവം താമസിക്കുന്ന പ്രദേശത്തിന് ചുറ്റും ഒരു ശല്യവും ഉണ്ടാകാന്‍ പാടില്ലെന്നാണ് സ്വാമിയുടെ കർശന നിർദ്ദേശം.

36 പേര്‍ക്കാണ് ഇന്ത്യയിൽ ഇസെഡ് കാറ്റഗറിയിലുള്ള സുരക്ഷ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. അങ്ങനെ രാജ്യത്ത് ഏറ്റവും സുരക്ഷയുള്ള വ്യക്തികളില്‍ ഒരാളാണ് റാം റഹീം സിങ്ങ് എന്ന ആൾദൈവം. ഈ സര്‍ക്കാര്‍ സുരക്ഷക്ക് പുറമെ സ്വന്തം അനുയായികളുടെ ചാവേർ പട വേറെയും. കേന്ദ്രസേനയ്ക്ക് പുറമെ ഏത് സംസ്ഥാനത്ത് പോകുന്നോ ആ സംസ്ഥാനത്തിൻറെ പോലീസ് സുരക്ഷ, കേരളത്തിലെത്തിയാല്‍ കേരളാ പോലീസിൻറെ സംരക്ഷണം. വളരെ ആഘോഷമായിരുന്നു റാം റഹീമിൻറെ വയനാട്ടിലും ഇടുക്കിയിലും വാഗമണിലേക്കുമുള്ള പോക്കും വരവും.

അമ്പതോളം വരുന്ന ഇന്നോവ കാറുകളിൽ ഇയാളുടെ തന്നെ കരിമ്പൂച്ചകളുണ്ടാകും കൂടെ. ഇതിന് പുറമെയാണ് സര്‍ക്കാരിൻറെ സുരക്ഷ. ഇടുക്കിയിലേക്കുള്ള വരവില്‍ സ്വാമിയുടെ വാഹനവ്യൂഹം രണ്ട് അപകടങ്ങളുണ്ടാക്കിയിരുന്നു.

2010 ലും 2014 ലും റാം റഹിം ഇടുക്കിയിലും വാഗമണിലും എത്തിയിരുന്നു. ധ്യാനത്തിനും ഷൂട്ടിങിനുമാണ് ഇവിടെ എത്തിയിരുന്നതെന്നാണ് പൊതുവെയുള്ള സംസാരം. പക്ഷേ, യഥാര്‍ഥ കാരണം പോലീസിന് പോലും അജ്ഞാതം.

2010 ല്‍ മൂന്നാറിലേക്ക് വരുന്നതിനിടെ റാം റഹീമിൻറെ അകമ്പടി കാറിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. നിര്‍ത്താതെ പോയ വാഹനത്തെ നാട്ടുകാര്‍ തടഞ്ഞു. കാറിടിച്ച് പരിക്കേറ്റയാള്‍ക്ക് വിദഗ്ധ ചികില്‍സയും നഷ്ടപരിഹാര തുകയും നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് അന്ന് പ്രശ്‌നം പരിഹരിച്ചത്. തേക്കടിയിലേക്ക് പോകുന്നതിനിടെ മറ്റൊരാളെയും വാഹനം ഇടിച്ചു. എല്ലാം കേന്ദ്ര സർക്കാരിൻറെ സുരക്ഷിതത്വത്തിനു മുന്നിൽ തേച്ചു മായ്ച്ചു സുരക്ഷിതനായി.