നിക്ഷേപം സ്വീകരിച്ചു കൊണ്ടുള്ള പുത്തൻ പദ്ധതികളുമായി യുഎഇ

നിക്ഷേപം സ്വീകരിച്ചു കൊണ്ടുള്ള ടൂറിസം പോലുള്ള എണ്ണയിതര മേഖലയില്‍ നിന്നു വരുമാനം വര്‍ധിപ്പിക്കാനുള്ള നൂതന പാദ്ധതികൾക്ക് യുഎഇ തയ്യാറെടുക്കുന്നു.

കൂടുതല്‍ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും സമ്പദ്വ്യവസ്ഥയ്ക്കു കുതിപ്പേകാനും ആവശ്യമായ നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും യുഎഇ സാമ്പത്തികകാര്യ മന്ത്രി സുല്‍ത്താന്‍ അല്‍മന്‍സൂറി വ്യക്തമാക്കി.

നിലവില്‍ എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാനം 70% ആണ്. അത് 2021 ആകുമ്പോഴേക്കും 80% ആയി ഉയര്‍ത്താനാണ് ഭരണാധികാരികളുടെ തീരുമാനം. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിൻറെ ഭാഗമായി നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിക്ഷേപ നിയമത്തിൻറെ കരട് രേഖ പൂര്‍ത്തിയായി.

ഇനി ഇതിൻറെ തുടര്‍നടപടിക്രമങ്ങളിലേക്കു കടക്കും. അതിൻറെ ഭാഗമായി റഗുലേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രോപ്പര്‍ട്ടി പേറ്റന്റ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍സ്, കൊമേഴ്സ്യല്‍ ട്രാന്‍സാക്ഷന്‍, ഇന്‍ഡസ്ട്രി റഗുലേഷന്‍, ആര്‍ബിട്രേഷന്‍ നിയമങ്ങള്‍ക്കും വ്യക്തമായ രൂപം നല്‍കും. വിദേശമൂലധന നിക്ഷേപം വര്‍ധിപ്പിക്കാനും ലോകത്തെ മികച്ച നിക്ഷേപ കേന്ദ്രമായി യുഎഇയെ ഉയർത്താനും വിഭാവനം ചെയ്യുന്നതാണു പുതിയ നിക്ഷേപനിയമം. നടപടിക്രമങ്ങള്‍ കൂടുതൽ ലളിതവും സുതാര്യവുമാക്കി നിക്ഷേപാനുകൂല സാഹചര്യമൊരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.