പതിമൂന്നുകാരൻറെ ജീവനെടുത്ത് വീണ്ടും ബ്ലൂവെയ്ല്‍ ഗെയിം

ലക്‌നോ: ബ്ലൂവെയ്ല്‍ ഗെയിമിന് മറ്റൊരു ഇരകൂടി. ഉത്തര്‍പ്രദേശില്‍ ആറാം ക്ലാസുകാരന്‍ ജീവനൊടുക്കി. പാര്‍ഥ് സിംഗ് എന്ന പതിമൂന്നുകാരനാണ് ജീവനൊടുക്കിയത്. യുപിലെ മൗദഹ ഗ്രാമത്തിലാണ് സംഭവം.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുട്ടി ബ്ലൂവെയ്ല്‍ കളിക്കുന്നതായി മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെ തുടർന്ന് കുട്ടിയേ ശാസിക്കുകയും ഗെയിം കളിക്കരുതെന്ന് പറയുകയും ചെയ്തിരുന്നു.

പിതാവ് സ്ഥലത്തില്ലാത്തപ്പോള്‍ അദ്ദേഹത്തിൻറെ മൊബൈലില്‍ നിന്ന് പാര്‍ഥ് ഗെയിം കളിക്കുന്നത് പതിവാക്കിയിരുന്നു. ഇതിനിടെ ഞായറാഴ്ച, കുട്ടി മുറിയില്‍ കയറി വാതിലടച്ചു. ഏറെ നേരമായിട്ടും മകനെ പുറത്തേക്ക് കാണാഞ്ഞതിനേത്തുടര്‍ന്ന്, പിതാവ് വാതില്‍ തള്ളിത്തുറന്ന് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കിടക്കുന്നത് കണ്ടത് എന്നാണ് പോലീസ് പറയുന്നത്.

സംഭവത്തേക്കുറിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.