ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കും; മുഖ്യമന്ത്രി

ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എളങ്കുന്നപ്പുഴ സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈപ്പിന്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നതവിദ്യാഭ്യാസമേഖലയില്‍ കാലാനുസൃതമായി പഠനനിലവാരം ഉയര്‍ത്തി കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് സ്വയം വിമര്‍ശനപരമായി പരിശോധിക്കണം. നിലവിലെ കുറവുകള്‍ മനസ്സിലാക്കി മുന്നോട്ടു പോകാനും അധ്യാപന സമ്പ്രദായത്തിലും പഠനപദ്ധതിയിലും ആവശ്യമായ മാറ്റം നടപ്പിലാക്കാനും തയ്യാറാവണം. എന്തെങ്കിലും ജോലി നേടാനായുള്ള പഠനം എന്നതാണ് പൊതുവായുള്ള മനോഭാവം. എന്നാല്‍ പഠിക്കുന്ന വിഷയത്തിന്റെ ഗുണം കുട്ടികളെ ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാനിന്നും അദ്ദേഹം പറഞ്ഞു.

കലാലയം കേവല വിജ്ഞാനസമ്പാദനത്തിനുള്ള വേദികള്‍ മാത്രമായി തീരുകയാണ് ഇപ്പോള്‍. സജീവ ചര്‍ച്ചയും അഭിപ്രായപ്രകടനങ്ങളും സംവാദവും ക്യാമ്പസില്‍ ഉണ്ടാവേണ്ടതാണ്. ക്യാമ്പസുകള്‍ മതാതീതവും വര്‍ഗീയവിരുദ്ധവും ആകണം. മതനിരപേക്ഷ മൂല്യങ്ങള്‍ കലാലയത്തില്‍ നിന്ന് ലഭിക്കണം. എങ്കില്‍ മാത്രമേ പഠനത്തോടൊപ്പം സഹജീവിസ്‌നേഹവും ഉണര്‍ത്താനാവൂ. യുക്തിചിന്തയും ശാസ്ത്രചിന്തയും പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങള്‍ ആയിരിക്കണം ക്യാമ്പസുകള്‍. ചരിത്രവസ്തുതകള്‍ വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ വിദ്യാര്‍ഥികള്‍ക്ക് കൃത്യമായി തിരിച്ചറിയാന്‍ കഴിയണം. ഇങ്ങനെ യുക്തിപൂര്‍വമായ പഠനം സാധ്യമാക്കുന്ന കേന്ദ്രങ്ങളായി കാമ്പസുകള്‍ മാറണം. കപടദേശീയതയ്ക്കും മതവര്‍ഗ്ഗീയതയ്ക്കും ക്യാമ്പസില്‍ ഇടം കൊടുക്കാതിരിക്കാന്‍ ജാഗ്രത ആവശ്യമാണ്. വിദ്യാര്‍ഥികളെ വര്‍ഗ്ഗീയമായി വേര്‍തിരിക്കുന്ന ഒന്നും ക്യാമ്പസുകളില്‍ ഉണ്ടാകരുത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ തോതിലുള്ള പൊതുനിക്ഷേപം ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.