മുംബൈയെ മഴ വിഴുങ്ങുന്നു : മലയാളികൾ കൂടുതൽ ഉള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

മുംബൈ : രണ്ട് ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ മുംബൈയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം കയറി. മലയാളികൾ കൂടുതലായി വസിക്കുന്ന ദാദര്‍, സയണ്‍, മാട്ടുംഗ, അന്ധേരി എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്.
കഴിഞ്ഞ കുറച്ചു മണിക്കൂറുകൾക്കിടയിൽ 4 ഇഞ്ച് മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത് അടുത്ത 48 മണിക്കൂർ മഴ ശക്തിയായി തുടരും എന്നാണ് കാലാവസ്ഥ റിപ്പോർട്ട്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ വീടുവിട്ട് പുറത്തു പോവരുതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്. ശനിയാഴ്ച ചെറിയ തോതില്‍ ആരംഭിച്ച മഴയാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശക്തമായി പെയ്യുന്നത്. 2005ന് ശേഷമുള്ള ഏറ്റവും കനത്തമഴയാണ് ഇപ്പോള്‍ മുംബൈയില്‍ പെയ്തുകൊണ്ടിരിക്കുന്നത്.

കനത്ത മഴയെ തുടർന്നു മുംബൈ ഒട്ടാകെ താറുമാറായിരിക്കുകയാണ്. റോഡ്, റെയില്‍, വ്യോമഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. കടല്‍തീരത്തോട് ചേര്‍ന്നുള്ള റോഡുകളില്‍ കിലോമീറ്റുകളോളം വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്.