കുരുന്ന് പ്രതിഭകൾക്ക് നിരൂപണ മേഖലയിൽ പരിശീലനം നൽകി ഫൺ (FUNN).

ഷാർജ്ജ: ഒക്ടോബർ 8-13 വരെയായി സംഘടിപ്പിക്കപ്പെടുന്ന അഞ്ചാമത് ‘ഷാർജ്ജ ഇന്റർനാഷനൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിന്റെ (SICFF)’ ഭാഗമായി കുരുന്നു പ്രതിഭകളിൽ നിരൂപണ കലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘ഷാർജ്ജ മീഡിയാ ആർട്സ് ഫോർ യൂത്ത് ആൻറ് ചിൽഡ്രൺ (FUNN)’ വിവിധതലത്തിലുള്ള പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. നാൽപ്പതോളം വരുന്ന പ്രതിഭകളാണ് മേളയുടെ ഭാഗമെന്നോണം സംഘടിപ്പിച്ച നിരവധി സിനിമാ വർക്ക്ഷോപ്പുകൾ, സിനിമ പ്രദർശനങ്ങൾ, മീഡിയ- ആർട്സ് മേഖലയുമായി ബന്ധപ്പെട്ട സെമിനാറുകൾ എന്നിവയിൽ പങ്കെടുത്തത്. കേവലം ഒരു സിനിമയെ വിലയിരുത്തുക എന്നതിനപ്പുറം നിർമ്മാണം, സംവിധാനം, തിരക്കഥ തുടങ്ങിയവയുടെ നിരൂപണവും വിമർശനവും പരിശീലന പരിപാടികളിൽ ചർച്ച ചെയ്യപ്പെട്ടു. യുവാക്കളുടെ സിനിമാ നിർമാണ പ്രക്രിയയിൽ ഇത്തരം ശില്പശാല വളരെ പ്രാധാന്യമുള്ളതാണെന്ന് FUNN, SICFF തുടങ്ങിയവയുടെ ഡയറക്ടർ ഷൈഖ ജവാഹർ ബിൻത് അബ്ദുല്ല അൽ ഖാസിമി വിലയിരുത്തി. “എന്നും പുതുമ നിറഞ്ഞ മേഖലയായ സിനിമ വ്യവസായത്തിൽ നിരൂപണം എന്നത് തികച്ചും അനിവാര്യവും അത്യന്താപേക്ഷിതവുമാണ്. കേവല പ്രദർശനം എന്നതിനപ്പുറം പുത്തൻ ആശയങ്ങളെ ശരിയായ രീതിയിൽ അവതരിപ്പിക്കുന്നതോടൊപ്പംത്തന്നെ യഥാർത്ഥ രൂപത്തിൽ അവ പ്രേക്ഷകരിലേക്ക് എത്തിച്ചേർന്നിട്ടുണ്ടോ എന്ന വിശകലനം ചെയ്യപ്പെടേണ്ടതും പരിശോധിക്കപ്പെടേണ്ടതും തന്നെയാണ്. നിരൂപണം എന്നത് കലാസൃഷ്ടികളിൽ മികവ് പുലർത്താൻ സഹായിക്കുന്ന ഒരു കലയെന്നതിനപ്പുറം യഥാർത്ഥ പ്രതിഭകളെ കണ്ടെത്താനും അവരിലെ കഴിവുകളെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.”- ഷൈഖ ജവാഹർ ബിൻത് അബ്ദുല്ല അൽ ഖാസിമി അഭിപ്രായപ്പെട്ടു. യുഎഇയിലെ യുവതലമുറയുടെ കല, വിജ്ഞാനം, വിനോദം തുടങ്ങി മേഖലകളിലുള്ള ഉന്നമനം ലക്‌ഷ്യം വച്ച് കൊണ്ട് നിരവധി പദ്ധതികളാണ് ഇത്തരത്തിൽ സംഘടിപ്പിക്കപ്പെടുന്നത്.