കങ്കാരു കൂട്ടത്തെ കൂട്ടിക്കെട്ടി ബംഗ്ലാ കടുവകൾ

.

ധാക്ക : ഒരു കാലത്ത് ലോക ക്രിക്കറ്റിലെ രാജാക്കൻ മാരായിരുന്ന ഓസ്‌ട്രേലിയൻ ടീമിനെ അട്ടിമറിച്ച് ബംഗ്ലാദേശ് ടീം. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലാണ് സ്വപ്നതുല്യമായ വിജയം ബംഗ്ലാദേശ് നേടിയത്. ആദ്യമായാണ് ബംഗ്ലാദേശ് ഓസ്‌ട്രേലിയക്കെതിരെ ഒരു ടെസ്റ്റ് വിജയം നേടുന്നത്.

മത്സരവസാനംവരെ ആവേശം അലതല്ലിനിന്ന കളിയിൽ 20 റൺസിനാണ് ബംഗ്ലകടുവകൾ വിജയം തട്ടിയെടുത്തത്. സ്വന്തം നാട്ടിൽ ഇതുപോലൊരു വിജയം നേടിയപ്പോൾ അത് ചരിത്ര മുഹൂർത്തമായി. രണ്ട് ഇന്നിംഗ്സിലൂടെയായി 10 വിക്കറ്റും 89 റൺസും എടുത്ത ഷാക്കിബ് അൽ ഹസ്സൻ ആണ് ഓസ്‌ട്രേലിയുടെ തകർച്ചക്ക് ചുക്കാൻ പിടിച്ചത്. ഷാക്കിബ് അൽ ഹസ്സൻ തന്നെയാണ് മത്സരത്തിലെ കേമൻ.

ആദ്യ ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്ത ബംഗ്ലാദേശ് 260 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 217 റൺസിന്‌ പുറത്തായി. രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗ് തുടർന്ന ബംഗ്ളദേശ് 264 റൺസ് വിജയലക്ഷ്യം കൊടുത്തെങ്കിലും ഓസ്‌ട്രേലിയക്ക് 244 റൺസ് എടുക്കുവാനെ സാധിച്ചുള്ളൂ. ഇതോടെ രണ്ട് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ബംഗ്ലാദേശ് 1-0 ത്തിന് മുന്നിൽ എത്തി.

കങ്കാരു പടയിൽ കുറച്ചെങ്കിലും ചെറുത്ത് നിൽക്കാൻ സാധിച്ചത് രണ്ടാം ഇന്നിംഗ്‌സിൽ 114 റൺസെടുത്ത ഡേവിഡ് വാർണറിന് മാത്രമാണ്.