തലസ്ഥാനം കൈപ്പിടിയിൽ ഒതുക്കാൻ രണ്ട് വനിതകൾ

തിരുവനന്തപുരം : തലസ്ഥാനത്തിൻറെ കാലച്ചക്രം കറക്കുന്നത് ഇനി മുതൽ രണ്ട് വനിതകൾ ആയിരിക്കും. തിരുവനന്തപുരം ജില്ലാ കളക്ടർ ആയി ഡോ.കെ വാസുകി ചാർജ് എടുത്തതോടെ തലസ്ഥാനത്ത് രണ്ട് വനിതകൾ തലപ്പത്തെത്തിരിയിക്കുകയാണ്. സബ് കളക്ടർ ആയി ദിവ്യ എസ് അയ്യർ നേരത്തെ ചാർജ് എടുത്തിരുന്നു.

കൊല്ലം ജില്ലാ കളക്ടർ ഡോ. കെഎസ് കാര്‍ത്തികേയൻറെ ഭാര്യയാണ് ഇപ്പോൾ തിരുവനന്തപുരം കളക്ടർ ആയി ചാർജ് എടുത്ത വാസുകി. അതുകൊണ്ട്തന്നെ സിവിൽ സർവീസ് ഇവർക്ക് കുടുംബകാര്യം കൂടിയാണ്. രണ്ട് വനിതകൾ ഒരു ജില്ലയുടെ ഭരണ തലപ്പത്ത് ഇരിക്കുക എന്ന് പറയുന്നത് ഇത് ആദ്യമായിട്ടാണ്. സ്ത്രീ ശാക്തീകരണത്തിൻറെ സർക്കാർ നിലപാടുകൂടിയാണ് ഇവിടെ വ്യക്തമാക്കുന്നത്.

വാസുകി തമിഴ്‌നാട്ടുകാരിയാണെങ്കില്‍ ദിവ്യയുട കുടുംബത്തിൻറെ വേരുകളും തമിഴ്‌നാട്ടിലാണ്. മാത്രമല്ല, ഇരുവരും മെഡിസിന്‍ പഠിച്ചതും തമിഴ്‌നാട്ടിലാണ്. വാസുകി മദ്രാസ് മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ദിവ്യ വെല്ലൂരില്‍ നിന്നാണ് മെഡിസിനില്‍ ബിരുദമെടുത്തത്.

ശുചിത്വമിഷന്‍ എക്‌സക്യൂട്ടീവ് ഡയറക്ടറായി മികച്ച സേവനം നടത്തിയതിന് ശേഷമാണ് വാസുകി തിരുവനന്തപുരം കളക്ടറായി എത്തുന്നത്. 2008ലാണ് ഡോ. കെ വാസുകി സിവില്‍ സര്‍വീസിലെത്തുന്നത്. ആദ്യം മധ്യപ്രദേശ് കേഡറിലായിരുന്നു വാസുകിയുടെ തുടക്കം പിന്നിട് കാര്‍ത്തികേയനെ കണ്ട് മുട്ടിയതിന് ശേഷം ഇരുവരും കേരള കേഡറിലേക്ക് മാറുകയായിരുന്നു.